പയ്യന്നൂർ: യു.ജി.സിയുടെ കീഴിലുള്ള കോളജ് ഗുണപരിശോധന കമ്മിറ്റിയായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് ഗ്രേഡ് പയ്യന്നൂർ കോളജിന് ലഭിച്ചു. 2018 ലെ ബി പ്ലസിൽനിന്നാണ് കോളജ് ഈ വൻനേട്ടത്തിലേക്ക് കുതിച്ചുയർന്നത്.
നാക് സംഘം കഴിഞ്ഞ മാസം 25, 26 തീയതികളിൽ കോളജ് സന്ദർശിച്ചിരുന്നു. അക്കാദമിക് മികവുകൾ, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ ലഭ്യത, കാമ്പസ്, ലൈബ്രറി, ആധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, അധ്യാപകരക്ഷാകർതൃ സമിതി, പൂർവ വിദ്യാർഥി കൂട്ടായ്മ, എൻ.എസ്.എസ്, എൻ.സി.സി വിദ്യാർഥി യൂനിയൻ തുടങ്ങി എല്ലാ മേഖലയും സൂക്ഷ്മതലത്തിൽ പരിശോധിച്ചാണ് സംഘം മടങ്ങിയത്.
മാനേജ് മെന്റ് പ്രതിനിധികൾ, പൂർവ വിദ്യാർഥികൾ, ആധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരുമായി സംഘം മുഖാമുഖം നടത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിൽ അധ്യാപകരും വിദ്യാർഥികളുമായി അക്കാദമിക് ചർച്ചകളും നടത്തിയിരുന്നു. നാക് അക്രഡിറ്റേഷൻ ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കോളജുകളുടെ ഗുണനിലവാരം പട്ടികപ്പെടുത്തുന്നത്.
കോളജിന്റെ ഉന്നമനത്തിനായി മാനേജ്മെന്റും അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളും നാട്ടുകാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് കോളജിന്റെ ബോർഡ് ഓഫ് മാനേജ്മെന്റ് പ്രസിഡന്റ് കെ. രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. പി.ആർ. സ്വരൺ എന്നിവർ പറഞ്ഞു.
വടക്കെ മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് പയ്യന്നൂർ കോളജ്. രണ്ടായിരത്തോളം വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്ന കോളജിൽ, പഠിക്കുന്നവർ ഭൂരിഭാഗവും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലെ കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
പതിനാല് ബിരുദ കോഴ്സുകളും അഞ്ചു ബിരുദാനന്തര കോഴ്സുകളും അഞ്ച് പി.എച്ച്.ഡി പ്രോഗ്രാമുകളും കോളജിലുണ്ട്. ആധുനീകരിച്ച സെമിനാർ ഹാൾ, മഴവെള്ള സംഭരണി, സോളാർ പവർ സിസ്റ്റം, തുമ്പൂർമൂഴി മാലിന്യ സംസ്കരണ പദ്ധതി എന്നിവഉൾപ്പെടെ മികച്ച പശ്ചാത്തല സൗകര്യങ്ങളും കോളജിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.