പയ്യന്നൂർ: തകർച്ച നേരിടുന്ന പെരുമ്പ പാലത്തിൽ വീണ്ടും കുഴിയടക്കൽ വഴിപാട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയോ പ്രഖ്യാപിച്ച പുതിയ പാലം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്യാതെ കുഴി മാത്രം അടച്ച് പതിവ് നടപടിക്രമം പൂർത്തിയാക്കുകയാണ് അധികൃതർ.
1957ൽ നിർമിച്ച പാലത്തിന്റെ അടിഭാഗത്തെ കമ്പികൾ തുരുമ്പെടുത്ത് കോൺക്രീറ്റ് അടർന്ന നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് നിയോഗിച്ച ടീം പാലം പരിശോധിച്ച് പുനർനിർമാണം നിർദേശിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. പാലം നന്നാക്കാൻ വലിയൊരു ദുരന്തമുണ്ടാകണോ എന്നാണ് പയ്യന്നൂരുകാർ അധികൃതരോട് ചോദിക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ് തകർന്നിട്ടും പാലം നന്നാക്കാനുള്ള ഒരു നീക്കവുമില്ലെന്ന് നാട്ടുകാർ പറയുന്നു. പെരുമ്പ കവലയും ദേശീയപാതയും വികസിപ്പിച്ചപ്പോഴും പാലത്തെ അവഗണിച്ചു. കൈവരി പൊളിഞ്ഞും വിളക്കുകൾ അണഞ്ഞും ഗതാഗതം ഭീതിജനകമായി. പാലത്തിലെ റോഡ് പൊളിഞ്ഞിട്ടും നാളേറെയായി.
കഴിഞ്ഞ ദിവസം മാത്രമാണ് കുഴിയടച്ചത്. വർഷങ്ങൾക്കു മുമ്പ് പാലത്തിന്റെ തുടക്കംമുതൽ അവസാനം വരെ ടാറിങ് തകർന്ന് യാത്ര ദുസ്സഹമായി ഗതാഗതം അസാധ്യമായിരുന്നു. റീടാർ ചെയ്താണ് സുഗമമായ ഗതാഗതം പുനഃസ്ഥാപിച്ചത്.
പാലത്തിനു മുകളിലെ ടാർറോഡിലാണ് വീണ്ടും കുഴി രൂപപ്പെട്ടത്. ടി.ഐ. മധുസൂദനൻ എം.എൽ.എ ഇടപെട്ടാണ് കുഴിയടച്ചത്. കുഴികളായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. വീതി കുറവായതിനാൽ വലിയ വാഹനങ്ങൾ വരുമ്പോൾ ഭീതിയോടെയാണ് കാൽനടയാത്രക്കാർ പാലം കടക്കുന്നത്. വിളക്കുകൾ കണ്ണടച്ചതും ഇരട്ടി പ്രഹരമായി.
പാലത്തിന്റെ ബലക്ഷയത്തിന് പരിഹാരം കാണാനുള്ള നിർദേശവും എങ്ങുമെത്താതെ പോവുകയാണുണ്ടായത്. പാലത്തിന്റെ ബലക്ഷയം കണ്ടെത്താനുള്ള പഠനസമിതികൾ മാറിമാറി വരുന്നതല്ലാതെ അറ്റകുറ്റപ്പണി തീർത്ത് പാലം ബലപ്പെടുത്തുന്നതിനു മാത്രം നടപടിയില്ല. എല്ലാ പഠനറിപ്പോർട്ടും ചുവപ്പുനാടയിലാണ്.
നിർദിഷ്ട പുതിയ ബസ് സ്റ്റാൻഡിനെ എടാട്ട് ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലത്തിനായുള്ള പദ്ധതിയും പ്രഖ്യാപിച്ചു. സി. കൃഷ്ണൻ എം.എൽ.എയായ സമയത്താണ് ചർച്ചകൾ സജീവമായത്. പിന്നീട് ചർച്ചയേ ഇല്ലാതായി. പെരുമ്പ പാലത്തെ അവഗണിക്കുന്നതിന് ഇതും കാരണമെന്ന് പറയുന്നു. അധികം തുക ഈ പാലത്തിനായി ഇനി ചെലവഴിക്കില്ലെന്നുതന്നെയാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
ദേശീയപാത വെള്ളൂരിൽനിന്ന് മാറിസഞ്ചരിക്കുന്നതോടെ പെരുമ്പ പാലം ദേശീയപാത അതോറിറ്റിയുടെ പട്ടികയിൽനിന്നും പുറത്താവും. ഇതോടെ ദേശീയപാത വിഭാഗത്തിന്റെ പരിഗണന ഇല്ലാതാവും. അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുതുക്കണമെന്ന ആവശ്യം ശക്തമാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ദേശീയപാതയിലെ പ്രധാന പാലങ്ങളിലൊന്നാണ് പെരുമ്പ പാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.