പയ്യന്നൂർ: ‘കായാമ്പൂ, കണ്ണിൽ വിടരും കമലദളം കവിളിൽ വിതറും’ എന്ന നദി സിനിമക്കു വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട ചലച്ചിത്ര ഗാനം മലയാളിയുടെ ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും ഓർമപ്പെടുത്തലാണ്. എന്നാൽ കാമിനിയുടെ കണ്ണിന്റെ നിറമായ കായാമ്പു കവിതയിലെ കാൽപനികതയായി മാറുകയാണ് വർത്തമാന കാലത്ത്.
നിറഞ്ഞ നീല വസന്തം ചാർത്തി വിരാജിച്ച കായാമ്പുചെടികൾ മിക്കയിടങ്ങളിലും ഇപ്പോൾ ഇല്ല. ശ്രീകൃഷ്ണന്റെ നിറമായതുകൊണ്ടാവാം മലയാള കവികളെ ഇത്രയധികം സ്വാധീനിച്ച പൂക്കൾ വേറെയില്ല. അപൂർവമായി മാത്രമാണ് പുഷ്പിക്കാറുള്ളത്. പൂത്താൽ അടിമുടി നീലവർണമണിയുന്നു എന്നത് ഈ ചെടിയുടെ മാത്രം പ്രത്യേകതയാണ്.
കൃഷ്ണവർണത്തോട് ഉപമിക്കാനുള്ള കാരണവും ഇതു തന്നെ. ചെറുതാണ് പൂക്കൾ എന്നാൽ കൂട്ടം കൂടി നിൽക്കുമ്പോൾ മനോഹരമായ കാഴ്ചാനുഭവമായി മാറുന്നു. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന ഈ ചെടി നിത്യഹരിത, അർധഹരിത വനത്തിൽ വളരുന്നു.
പുൽമൈതാനങ്ങളിലെ കുറ്റിക്കാടുകളോട് ചേർന്നും ഇവ നല്ല രീതിയിൽ വളരുന്നു. കേരളത്തിൽ ഇടനാടൻ ചെങ്കൽക്കുന്നുകളാണ് കായാമ്പുചെടികളുടെ ഇഷ്ടയിടങ്ങൾ. കുന്നുകളുടെ നാശം ഈ ഔഷധസസ്യത്തെയും അപൂർവ്വമാക്കി മാറ്റി. കാശാവ്, കയാവ്, അഞ്ജനം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. രണ്ടോ മൂന്നോ അടി ഉയരത്തിൽ വളരുന്ന ചെടിയുടെ ശാസ്ത്രീയ നാമം MemecyIon Umbellatum എന്നാണ്.
വേരു മുതൽ ഇല വരെ ഔഷധ ഗുണമുണ്ട്. യൗവനം നിലനിർത്താൻ കായാമ്പുചെടി ഉപയോഗിക്കാറുണ്ട്. എളുപ്പം പൊട്ടാത്ത തണ്ട് അധികം വണ്ണം വെക്കാറില്ല. പഴയകാലത്ത് ഉഴവു കാളകളെ നിയന്ത്രിക്കാനും കന്നുകാലികളെ മേയ്ക്കുന്ന ഇടയന്മാരും വടിയായി ഇത് ഉപയോഗിക്കാറുണ്ടായിരുന്നു. ഇതും ചെടിയുടെ വംശനാശത്തിന് കാരണമാണ്. വളർച്ചയും പുവിടലും മെല്ലെയായതിനാൽ പുതിയ പൂന്തോട്ടങ്ങളിലും സാന്നിധ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.