പയ്യന്നൂർ: ദേശീയപാതയിൽ വെള്ളൂർ ബാങ്ക് സ്റ്റോപ്പിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 85 ദിവസമായി നടന്നുവരുന്ന സമരത്തിന് വിജയപരിസമാപ്തി. പാത ഉറപ്പായതോടെ സമരം നിർത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശിച്ചതനുസരിച്ച് പ്രദേശത്ത് അടിപ്പാത നിർമിക്കുന്നതിനുള്ള പ്രായോഗിക ബദൽ സാധ്യതകൾ പരിശോധിക്കുന്നതിനായി ദേശീയപാത അതോറിറ്റി റീജനൽ ഓഫിസറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
ഇതിന്റെ തുടർച്ചയായി വ്യാഴാഴ്ച രാവിലെയോടെ സ്വതന്ത്ര എൻജിനീയർ ജെ.എസ്. തിവാരിയുടെ നേതൃത്വത്തിൽ റസിഡന്റ് എൻജിനീയർ മനോജ് കുമാർ, മേഘ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ എ. മുരളി, മന്ത്രിയുടെ ഓഫിസ് പ്രതിനിധി മുഹമ്മദ് മുന്നാസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ടി.ഐ. മധുസൂദനൻ എം.എൽ.എ, ആക്ഷൻ കമ്മിറ്റി ചെയർമാൻ സി. കൃഷ്ണൻ, കൺവീനർ കെ.വി. സുധാകരൻ, വി. നാരായണൻ, വി. കുഞ്ഞികൃഷ്ണൻ, കെ.പി. ജ്യോതി, ഇ. ഭാസ്കരൻ, പാവൂർ നാരായണൻ, വി.സി. നാരായണൻ, പി. ജയൻ, എൻ. ഗംഗാധരൻ, വി.വി. കുമാരൻ ഉൾപ്പെടെയുള്ള സമരസമിതി ഭാരവാഹികളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സമരപന്തലിൽ പാത സംബന്ധിച്ച ചർച്ച നടന്നു.
ബാങ്ക് സ്റ്റോപ്പിൽ അഞ്ചു മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലും അടിപ്പാത നിർമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ദേശീയപാത അതോറിറ്റി അനുകൂല സമീപനം സ്വീകരിച്ചതിനെ തുടർന്ന് വൈകീട്ട് സമരസമിതിയോഗം ചേർന്ന് സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സമാപന പരിപാടിയിൽ സമരസമിതി പ്രസിഡന്റ് സി. കൃഷ്ണൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.