പയ്യന്നൂർ: ദേശീയ പ്രസ്ഥാനത്തിെൻറ കേരളത്തിലെ ഈറ്റില്ലമായിരുന്നു പയ്യന്നൂർ. ആഗസ്റ്റ് വിപ്ലവങ്ങൾ ആളിക്കത്തിയ ഭൂമിക. നാടു മുഴുവൻ ഇളക്കിമറിച്ച പയ്യന്നൂരിലെ പ്രക്ഷോഭക്കാർ അധികൃതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു സമരരീതിയെക്കുറിച്ച് ആലോചിച്ചു. മർദകരുടെ കേന്ദ്രമായ പൊലീസ് സ്റ്റേഷനു മുന്നിലെ കൊടിമരത്തിൽ പാറിക്കളിക്കുന്ന യൂനിയൻ ജാക്ക് വലിച്ചെറിഞ്ഞ് ത്രിവർണ പതാക ഉയർത്തുക എന്നതായിരുന്നു ആലോചനയിൽ രൂപപ്പെട്ട പുതിയ സമരരീതി.
രക്തസാക്ഷികളാകാൻ തയാറായി മുന്നോട്ടുവരുന്നവർക്കു മാത്രം കഴിയുന്നതായിരുന്നു അത്. സ്വാതന്ത്ര്യദാഹം ഉള്ളിൽ ആവേശമായി പടർന്നുകയറിയ മൂന്നു യുവാക്കൾ അതിന് തയാറായി മുന്നോട്ടുവന്നു. ടി.സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ്, എ.കെ. കുഞ്ഞിരാമ പൊതുവാൾ എന്നിവരായിരുന്നു ആ ധീര ദേശാഭിമാനികൾ. കൃത്യനിർവഹണത്തിനുള്ള രാത്രി വന്നെത്തി. മൂന്നു പേരും നിശ്ശബ്ദരായി സ്റ്റേഷനു മുന്നിലെത്തി. സമയം അർധരാത്രി, പാറാവുണ്ടായിരുന്ന പൊലീസുകാരൻ ഉറക്കംതൂങ്ങുന്നു. പട്രോളിങ് നടത്തുന്ന പൊലീസ് വാഹനം വരുമ്പോൾ അറിയിക്കാനായി കുഞ്ഞിരാമ പൊതുവാളിനെ റോഡിൽ കാവൽ നിർത്തി. കുനിഞ്ഞുനിന്ന കുഞ്ഞമ്പു സറാപ്പിെൻറ ചുമലിൽ ചവിട്ടി കൊടിമരത്തിൽ കയറിയ കുഞ്ഞിക്കണ്ണ പൊതുവാൾ ബ്രിട്ടീഷ് പതാക വലിച്ചുകീറി പകരം ത്രിവർണ പതാക കെട്ടി. അധികാരികളുടെ കണ്ണിൽപെടാതെ മൂവരും കറുത്ത കർക്കടകത്തിലെ കൂരിരുട്ടിൽ നടന്നുനീങ്ങി. നേരം വെളുത്തപ്പോൾ പൊലീസ് അധികൃതർ കൊടികണ്ട് ഞെട്ടി.
പതാക മാറ്റിക്കെട്ടിയ സംഭവത്തോടെ പൊലീസിെൻറ സ്വഭാവം മാറി. മർദിച്ചൊതുക്കുക എന്ന കിരാത നടപടിയായിരുന്നു അത്. ഭരണകൂടഭീകരത ശക്തിപ്പെട്ടതോടെ സമരത്തിെൻറ സ്വഭാവവും മാറി. സഹനസമരത്തിന് വിധ്വംസകപ്രവർത്തനത്തിെൻറ മാനം കൈവന്നു. ടെലിഫോൺ കമ്പികൾ മുറിച്ചുമാറ്റുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ സമരങ്ങൾ അധികാരികളുടെ ഉറക്കം കെടുത്തി.
മുംബൈയിൽനിന്നുള്ള സോഷ്യലിസ്റ്റ് വിഭാഗത്തിെൻറ ലഘുലേഖകളുമായി എൻ.വി. കൃഷ്ണവാര്യർ പയ്യന്നൂരിലെത്തിയത് സമരത്തിന് ഊർജം പകർന്നു. എൻ.വിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച സ്വതന്ത്ര ഭാരതം എന്ന നിരോധിത പത്രിക പയ്യന്നൂരിൽ രഹസ്യമായി വൻതോതിൽ പ്രചരിപ്പിച്ചു.
മുറിച്ചുമാറ്റപ്പെട്ട ടെലിഫോൺ കമ്പികൾ പയ്യന്നൂർ ക്ഷേത്രത്തിെൻറ ചിറയിൽ കണ്ടെടുത്തതിനെതുടർന്ന് വി.പി. നാരായണ പൊതുവാൾ ഉൾപ്പെടെ 12 പേർ അറസ്റ്റിലായി. രണ്ടാഴ്ചയാണ് ഇവരെ ജയിലിലടച്ചത്. പൊലീസ് സ്റ്റേഷൻ പിക്കറ്റുചെയ്ത മൊഴക്കോത്ത് ഉത്തമന്തിൽ കുഞ്ഞിരാമ പൊതുവാൾ പൊലീസ് മർദനത്തെ തുടർന്ന് കോയമ്പത്തൂർ ജയിലിൽ രക്തസാക്ഷിയായി.
ഇതിനിടയിലും കല്ലച്ചിൽ തയാറാക്കിയ നോട്ടീസുകളും ലഘുലേഖകളും വിദ്യാർഥികൾ മുഖേന പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ദേശാഭിമാന പ്രചോദിതമായ സമരത്തിൽ പയ്യന്നൂർ അങ്ങനെ തലയെടുപ്പോടെ നിലകൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.