പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ രണ്ടു ദിവസങ്ങളിലായി രണ്ട് മനുഷ്യ ജീവനുകളാണ് കടലിൽ പൊലിഞ്ഞ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഇടയിൽ ഭീതി പടരാൻ കാരണമാവുകയാണ്. പാലക്കോട് വലിയ കടപ്പുറത്ത് ഞായറാഴ്ച വള്ളം മറിഞ്ഞ് മരിച്ചത് പശ്ചിമ ബംഗാൾ സ്വദേശി ഗോഗിൻ മണ്ഡൽ എന്ന 20 കരനാണ്.
ഇതിന്റെ ആഘാതത്തിൽ നിന്ന് നാട് മുക്തമാവുന്നതിനു മുമ്പുതന്നെ ചൊവ്വാഴ്ച എട്ടിക്കുളം സ്വദേശി കെ. അബ്ദുൽ റഷീദിന് തൃക്കരിപ്പൂരിന് സമീപം കടലിൽ ജീവൻ നഷ്ടമായി. പാലക്കോട് വലിയ കടപ്പുറം അഴിമുഖത്തെ മണല്‍ത്തിട്ടയാണ് മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നത്. വർഷങ്ങളായി നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. പലരുടെയും ജീവൻ രക്ഷപ്പെടുന്നത് തലനാരിഴക്ക്. ഏതാനും വർഷം മുമ്പ് മണല്‍ത്തിട്ടയിൽ തട്ടിയുണ്ടായ അപകടത്തിൽ രണ്ട് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ബോട്ടുകള്‍ക്കും യന്ത്രങ്ങൾക്കും തകരാര്‍ പറ്റിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടാവുകയും ചെയ്യുന്നു.
പുറങ്കടലില്നിന്നും പാലക്കോട് ഫിഷ്ലാൻഡ് സെന്ററിലേക്ക് മത്സ്യവുമായി വരുന്ന ബോട്ടുകൾ മണല്‍ത്തിട്ടയിൽ ഇടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടാവുന്നത്. കടപ്പുറത്തെ മണല്‍തിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിന് മണൽ നീക്കാറുണ്ടെങ്കിലും വീണ്ടും മണലടിഞ്ഞ് ദുരന്തം വിതക്കുന്നു. ഇപ്പോൾ നിലവിലുള്ള മണൽ നീക്കം ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ട്.
എന്നാൽ ഇതൊന്നും ശാശ്വത പരിഹാരമാവുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. അപകടം തുടർക്കഥയായതോടെ 1500 ഓളം പേർ ജോലി ചെയ്യുന്ന അഴിമുഖത്തെ മത്സ്യബന്ധനം ഭീതിജനകമായി മാറിയതായി തൊഴിലാളികൾ പറയുന്നു. ഡ്രഡ്ജിങ് നടത്തി മണൽ നീക്കം ചെയ്യുന്നത് ശാശ്വത പരിഹാരമല്ലെന്നും പുലിമുട്ട് നിർമിച്ചാൽ മാത്രമെ പ്രശ്നം പരിഹരിക്കാനാവൂവെന്നും തൊഴിലാളികൾ പറയുന്നു. ആഴം കൂട്ടിയാൽ വീണ്ടും മണൽ വന്ന് നിറയും. അതു കൊണ്ട് പുലിമുട്ട് നിർമിച്ച് ഭയരഹിതമായി തൊഴിൽ ചെയ്യാൻ അവസരമുണ്ടാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
ചെറിയ തോണിയിൽ മത്സ്യബന്ധനത്തിനിറങ്ങിയപ്പോഴാണ് ചൊവ്വാഴ്ച അബ്ദുൽ റഷീദിന് ജീവൻ നഷ്ടമായത്. തോണിയിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. റഷീദിന്റെ സഹോദരൻ ഹാഷിമും സുഹൃത്ത് നാസറും നീന്തി രക്ഷപ്പെട്ടു. കൂറ്റൻ തിരമാലകളിൽ നിന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു.
ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിത മാർഗമാണ് മത്സ്യ ബന്ധന മേഖല. ഭീതി വിതക്കുന്ന തൊഴിലിടമായി കടൽ മാറാതിരിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. മേഖലയിൽ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്. അതേസമയം തികഞ്ഞ ശ്രദ്ധയോടെ കടലിനെ സമീപിക്കാനുള്ള ശ്രമം തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.