പയ്യന്നൂർ: കാലവർഷം കനത്തതോടെ ജലബോംബ് ഭീതിയുയർത്തി നൂറുകണക്കിന് അനധികൃത ചെങ്കൽ ക്വാറികൾ. വടക്കൻ കേരളത്തിലെ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഇടനാടൻ ചെങ്കൽക്കുന്നുകളാണ് കുളങ്ങളായി മാറുന്നത്. മുഴുവൻ ക്വാറികളും അനധികൃതമാണെന്നാണ് റവന്യൂ അധികൃതർ നൽകുന്ന സൂചന.
മുൻകാലങ്ങളിൽ ജിയോളജി വകുപ്പിന് അപേക്ഷ നൽകിയാൽ വേണ്ട പരിശോധനക്കു ശേഷം 25 സെന്റുവരെ സ്ഥലത്തിന് പാസ് നൽകാറുണ്ട്. ഇതുപയോഗിച്ച് ഏക്കർ കണക്കിന് ഖനനം നടത്തുന്നതാണ് പതിവ്. എന്നാൽ, കേന്ദ്ര ഹരിത ട്രൈബ്യൂണൽ നിയമം കർശനമാക്കിയതോടെ ലൈസൻസ് നൽകുന്നത് നിർത്തുകയായിരുന്നു.
ആയിരക്കണക്കിന് അപേക്ഷകളാണ് നിലവിൽ ജിയോളജി വകുപ്പിൽ കെട്ടിക്കിടക്കുന്നത്. ഇതോടെ സർക്കാറിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ റോയൽറ്റിയാണ് നഷ്ടമാവുന്നത്. കല്ലുവെട്ടാൻ അനുമതി ലഭിക്കാതായതോടെ മിക്ക ക്വാറി ഉടമകളും ലൈസൻസിനു കാത്തുനിൽക്കാതെ കല്ലുകൊത്തുകയാണ് ചെയ്യുന്നത്. നാട്ടിലെ നിർമാണ പ്രവർത്തനങ്ങൾ നിലക്കുമെന്നതിനാൽ സർക്കാർ വകുപ്പുകൾ കണ്ടില്ലെന്നു നടിക്കുന്നത് ക്വാറി ഉടമകൾക്ക് ഇന്ധനമാവുന്നു.
മിക്കയിടത്തും കൊത്തിയൊഴിഞ്ഞതിനു ശേഷം ഇദ്യാഗസ്ഥർ എത്തി അളന്ന് പിഴ ചുമത്തിയാണ് സർക്കാറിന് ലഭിക്കേണ്ട റോയൽറ്റിയുടെ ചെറിയ ശതമാനമെങ്കിലും ഈടാക്കിവരുന്നത്. നാട്ടുകാരുടെ പരാതി ഉയരുമ്പോഴാണ് പലപ്പോഴും റവന്യു വകുപ്പ് നടപടിയെടുക്കുന്നതെന്ന ആരോപണവും വ്യാപകമാണ്.
ഖനനം തടയാനാവശ്യമായ പൊലീസ് സംവിധാനമോ വാഹന സൗകര്യങ്ങളോ ഇല്ലാത്തത് വില്ലേജ് ഉദ്യോഗസ്ഥർക്ക് വിനയാവുന്നു. മിക്ക ക്വാറികളിലേക്കും ടിപ്പർ മാത്രം പോകുന്ന പാതകളാണുള്ളത്. ഈ റോഡിൽ കൂടി ഇരുചക്രവാഹനം ഉപയോഗിച്ച് പോവുക അസാധ്യമാണ്. ഫോഴ്സില്ലാതെ പോകുന്നത് ജീവൻ അവഗണിച്ചാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാത്തതും പ്രതിസന്ധിയാണ്. മാത്രമല്ല, ക്വാറി ഉടമകളുടെ ഏജന്റുമാർ വില്ലേജ് ഓഫിസിന്റെ മുന്നിൽ മുതൽ വഴിയിലുടനീളമുള്ളതും നടപടി സങ്കീർണമാക്കുന്നു.
പലയിടത്തും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സഹകരണ സംഘങ്ങളും ക്വാറി നടത്തുന്നുണ്ട്. ഇവിടെ ഒരു ഉദ്യോഗസ്ഥരും തിരച്ചിൽ നടത്താറില്ല. സംഘങ്ങളുടെ ക്വാറികൾ ഉൾപ്പെടെ വൻ കുളങ്ങളാണ് പലയിടത്തും രൂപപ്പെട്ടത്.
മഴ കനത്തതോടെ ഈ കുഴിയാഴങ്ങളിൽ വെള്ളം കെട്ടിനിന്ന് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നടപടി കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. ഒപ്പം കല്ലുകൊത്തിയെടുത്ത ക്വാറികൾ മൂടി കൃഷിക്ക് ഉപയോഗപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.