പയ്യന്നൂർ: പ്രതിമാസം 2500 പുസ്തകചർച്ചകൾ, ആറു മാസത്തിനുള്ളിൽ 15000. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വിഭാവനം ചെയ്ത വായനവീട് മറ്റൊരു ചരിത്രമാവുന്നു. ലൈബ്രറികൾക്കു പുറത്ത് വീടുകളിലും കടകളിലും തൊഴിലിടങ്ങളിലും ലോക ക്ലാസിക്കുകൾ മുതൽ വർത്തമാനകാലസാഹിത്യ സൃഷ്ടികൾ വരെ വായനക്കും സംവാദത്തിനും വഴിവെക്കുമ്പോൾ അത് പുസ്തകവായന ചരിത്രത്തിൽ പുതിയ അധ്യായമാവുന്നു. ഒരു വായനവീട്ടിൽ കുറഞ്ഞത് 30 മുതൽ 50 പേർ വരെ പങ്കാളിത്തമുണ്ടാക്കാനാണ് തീരുമാനമെങ്കിലും തുടങ്ങിക്കഴിഞ്ഞപ്പോൾ ചിലയിടങ്ങളിലത് 200 ലേക്ക് കടന്നു. താലൂക്കുതല സംഘാടക സമിതിക്ക് കീഴിൽ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 250 വായനശാലകളിലും പ്രാദേശിക സമിതികൾ രൂപവത്കരിച്ചാണ് പ്രവർത്തനം പുരോഗമിക്കുന്നത്. ഓരോ വായനശാലകളിലും 10 വീതം വായനവീടുകൾ ഉണ്ടാവും. ഇതുവരെ വേദിയിൽ കയറാത്ത സ്ത്രീകളും തൊഴിലാളികളും വിദ്യാർഥികളും അവതാരകരായി മാറുന്നുവെന്ന പ്രത്യേകതയും വായനായനത്തിന് സ്വന്തം.
വായനയുടെ വ്യാപനവും വൈപുല്യവും ലക്ഷ്യം വെച്ചാണ് താലൂക്ക് ലൈബ്രറി കൗൺസിൽ സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്നത്. താലൂക്കുതലത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ചെയർമാനും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ ജനറൽ കൺവീനറുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച സാഹിത്യകാരൻ സുസ്മേഷ് ചന്ദ്രോത്ത് നിർവഹിക്കുമെങ്കിലും കഴിഞ്ഞ ഒരുമാസമായി വീടുകളിലെ പുസ്തക ചർച്ച പുരോഗമിക്കുകയാണ്.
കരിവെള്ളൂർ പാലക്കുന്ന് പാഠശാല വായനശാലയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വിശ്രമസമയത്തും മറ്റ് തൊഴിലിടങ്ങളിലും പുസ്തകചർച്ച നടന്നു. പാലക്കുന്നിലെ ബാലകൃഷ്ണന്റെ ചായക്കടയിൽ നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. ചായക്കുള്ള വെള്ളം വിറകടുപ്പിൽ തിളക്കുമ്പോൾ ചർച്ചയിൽ ചൂടുപിടിച്ചത് കമല സുരയ്യയുടെ നെയ്പായസമായിരുന്നു. പെരിങ്ങേത്ത് ജയദേവനായിരുന്നു അവതാരകൻ. നെയ്പായസം കഥ കേൾക്കാൻ എത്തിയത് സ്ഥിരം പറ്റുകാർ. വായനായനം ചെയർമാൻ ശശിധരൻ ആലപ്പടമ്പനും പി. കുഞ്ഞമ്പു മാഷും ചർച്ച നിയന്ത്രിച്ചു.
കുട്ടിക്കാലത്ത് അമ്മാവന്റെ ചായപീടികയിൽ നടക്കുന്ന നാട്ടുവർത്തമാനത്തെ ഓർമിച്ചാണ് എഴുത്തുകാരനും അധ്യാപക അവാർഡു ജേതാവുമായ കൂക്കാനം റഹ് മാൻ സംസാരിച്ചത്. കെ. അനിത, ധന്യ ബാബു എന്നീ വനിതകളും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.