പയ്യന്നൂർ: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ഒരുകുന്നുകൂടി റോഡ് പണിക്ക്. പഞ്ചായത്തിലെ സ്വാമിമുക്കിന് സമീപം നാർക്കൽ മുണ്ട്യ കുന്നാണ് ദേശീയപാത പണിക്കു ഇടിച്ചുനിരത്തുന്നത്. ഇതോടെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരുകുന്നുകൂടി ഇല്ലാതാവുകയാണ്.
കുന്നിടിച്ച് മണ്ണെടുക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞെങ്കിലും പൊലീസെത്തി തടഞ്ഞവരെ അറസ്റ്റുചെയ്തു നീക്കി മണ്ണെടുക്കാൻ അവസരമൊരുക്കിയത് വൻ പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്തിലെ കക്കിരിയാട് നാർക്കലിലെ ഒന്നര ഏക്കറോളം വരുന്ന കുന്നിലെ മണ്ണ് എടുക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മണ്ണെടുക്കാനുള്ള അവകാശം നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷന് നൽകിയിരുന്നു. നാട്ടുകാർ തടയുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് എത്തിയത്. സ്വാമിമുക്കിലും മറ്റും ഇവർ നിലയുറപ്പിച്ചു. കുന്നിടിക്കുന്ന വിവരമറിഞ്ഞ് വലിയൊരു ജനക്കൂട്ടം പ്രതിഷേധവുമായി സ്ഥലത്തെത്തി.
കുന്നിടിക്കാനെത്തിയ യന്ത്രങ്ങൾ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ തടഞ്ഞു. ഇവരെ പെരിങ്ങോം പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയാണ് മണ്ണെടുപ്പ് തുടർന്നത്. കുന്നിടിക്കുന്നതിനെതിരെ നാർക്കൽ കുന്ന് സംരക്ഷണ സമിതി രൂപവത്കരിച്ച് സമരം ശക്തമാക്കാൻ തീരുമാനിച്ചു. ഇരുന്നൂറിലധികം വീടുകളാണ് ഈ കുന്നിന് ചുറ്റിലുമുള്ളത്. വലിയ നെൽവയൽ കുന്നിന്റെ താഴെയുണ്ട്. ഇതുവരെ കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ട് ഇല്ലാത്ത പ്രദേശമാണിത്. കുന്ന് ഇല്ലാതാവുന്നതോടെ ജലക്ഷാമം കൊണ്ടും ചൂടു കൊണ്ടും ഇവിടെ ജനങ്ങൾക്ക് താമസിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
കനത്ത ചൂടാണ് ഇക്കുറി ജില്ലയിൽ. ഈ സന്ദർഭത്തിലാണ് കുന്നുകൾ ഇടിച്ചു കടത്തുന്നതെന്നും ഇത് ജനങ്ങളെയും ഇതര ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകരും പറയുന്നു. റോഡുപണിക്ക് കുന്നിടിക്കാൻ അനുവാദം നൽകിയ നടപടി പിൻവലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.