പയ്യന്നൂർ: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും വീണ്ടും മോഷണ പരാതി. സൈക്യാട്രി വിഭാഗം പി.ജി വിദ്യാര്‍ഥിനി ഡോ.അശ്വതിയുടെ 40,000 രൂപ വിലവരുന്ന ലാപ്ടോപ്പാണ് മോഷ്ടിക്കപ്പെട്ടതായി പരിയാരം മെഡിക്കൽ കോളജ് പൊലീസിൽ പരാതി ലഭിച്ചത്. കഴിഞ്ഞ മേയ് 30നായിരുന്നു സംഭവം നടന്നത്. വിവരം അന്നുതന്നെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും ഞായറാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എട്ടാം നിലയിലെ 802ാം നമ്പര്‍ ബ്ലോക്കിലെ മുറിയിലാണ് പി.ജി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തിയ ഒരാള്‍ മുറിയില്‍കയറി ലാപ്ടോപ്പുമായി പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എക്സിക്യൂട്ടിവ് വേഷം ധരിച്ച ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഡോ. അശ്വതി മേയ് 28ന് നാട്ടിൽ പോയി 31ന് തിരിച്ചെത്തിയപ്പോഴാണ് ലാപ്ടോപ് മോഷണം പോയതായി മനസ്സിലായത്. സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് 30നാണ് മോഷണം നടന്നതെന്ന് വ്യക്തമായത്.
അതേസമയം ഈ മാസം ഏഴിന് കാണാതായ ഓപറേഷന് തിയറ്ററിലെ ഏഴു ലക്ഷത്തോളം രൂപ വിലവരുന്ന ലാവിഞ്ചോ സ്കോപ്പി എന്ന ഉപകരണം കണ്ടെത്താനായിട്ടില്ല. ഇതിനു പിന്നിലുള്ളവരെക്കുറിച്ച് വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് പയ്യന്നൂർ ഡിവൈ.എസ്.പി സുനിൽ കുമാർ 'മാധ്യമ'ത്തോടു പറഞ്ഞു.
ഓപറേഷന് തിയറ്ററില്‍ ഡ്യൂട്ടി ചെയ്യുന്നവരെ മുഴുവന്‍ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ഏകദേശ രൂപമെങ്കിലും ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.
മോഷണവിവരം പുറത്തായ സ്ഥിതിക്ക് മെഡിക്കല്‍ കോളജിലോ പരിസരത്തോ മോഷ്ടാവ് ഇത് ഉപേക്ഷിച്ച് കേസിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം നടത്താനുള്ള സാധ്യതയും ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വരാന്തയില്‍ അലക്ഷ്യമായി തള്ളിയ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മോഷണം പോകുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.