പയ്യന്നൂർ: മാതമംഗലത്ത് സി.ഐ.ടി.യു സമരത്തെ തുടർന്ന് സ്ഥാപനം പൂട്ടാനൊരുങ്ങി ഉടമകൾ. തൊഴിൽ നിഷേധിക്കുന്നുവെന്നാരോപിച്ച് 18 ദിവസത്തിലധികമായി സ്ഥാപനത്തിന് മുന്നിൽ നടക്കുന്ന സമരം കടുപ്പിച്ച് ചുമട്ടുതൊഴിലാളികൾ. ഒരു മാസത്തോളമായി മലയോര പട്ടണമായ മാതമംഗലത്ത് നടക്കുന്ന കയറ്റിറക്ക് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് എസ്.ആർ അസോസിയേറ്റ് എന്ന പേരിൽ പ്രദേശത്ത് ഒരു ഹാർഡ്വെയർ ഷോപ് ആരംഭിച്ചത്. ഇവിടെ കയറ്റിറക്ക് നടത്താൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് ചുമട്ടുതൊഴിലാളികൾ രംഗത്തെത്തി. ഉടമ ഹൈകോടതിയെ സമീപിക്കുകയും സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ കോടതി ഇവർക്ക് അനുമതി നൽകുകയും ചെയ്തു.
തുടർന്ന് തൽക്കാലത്തേക്ക് സമരം അവസാനിപ്പിച്ച സി.ഐ.ടി.യു പ്രവർത്തകർ ഡിസംബർ 23 മുതൽ കടക്ക് മുന്നിൽ വീണ്ടും സമരം തുടങ്ങി. കടയിലേക്കുള്ള ലോഡ് ഇറക്കുന്നത് ഇതോടെ മുടങ്ങി. ഒപ്പം ഉപഭോക്താക്കളെ തൊഴിലാളികൾ ഭീഷണിപ്പെടുത്തി മടക്കിയയക്കുന്നതായും കടയുടമ ആരോപിക്കുന്നു. ഇതോടെ സ്ഥാപനം പൂട്ടണ്ട സാഹചര്യത്തിൽ എത്തിയതായും ഇവർ പറയുന്നു.
പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിക്കടക്കം പരാതി നൽകി കാത്തിരിക്കുകയാണ് ഉടമകൾ. കഴിഞ്ഞ ദിവസം സി.ഐ.ടി.യു പൊതുയോഗം ചേർന്ന് സമരം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. എല്ലാ കടയുടമകളും കോടതിയെ സമീപിച്ച് കയറ്റിറക്കിന് അനുമതി വാങ്ങിയാൽ തൊഴിലില്ലാതെ പട്ടിണിയിലാവുമെന്നാണ് സംഘടനയുയർത്തുന്ന മറുവാദം.
പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ ഇരുവിഭാഗങ്ങളെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. തൊഴിലാളികളുടെ കടുംപിടുത്തമാണ് പ്രശ്നപരിഹാരത്തിന് തടസ്സമായതെന്ന് ഉടമകളുടെ പ്രതിനിധി പറഞ്ഞു. എന്നാൽ, ഇതേ വാദമാണ് മറുവിഭാഗവും നിരത്തുന്നത്. 14ന് വീണ്ടും മധ്യസ്ഥചർച്ച വിളിച്ചതായും ഇരുവിഭാഗവും പറഞ്ഞു.
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്വന്തമായി കയറ്റിറക്കിന് തയാറായത്. എന്നാൽ, പൊലീസ് വിളിച്ചു ചേർത്ത ചർച്ചയിൽപോലും വിട്ടുവീഴ്ചയുടെ പാതയിലല്ല സി.ഐ.ടി.യു. ലക്ഷങ്ങൾ ചെലവഴിച്ചാണ് കട തുടങ്ങിയത്. നിയമപ്രകാരം പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മാനേജർ ഇൻ ചാർജ് പറഞ്ഞു.
പ്രശ്നപരിഹാരം അനിവാര്യം -സി.ഐ.ടി.യു
കടയുടമയും തൊഴിലാളികളും തമ്മിൽ നടക്കുന്ന പ്രശ്നം ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും അതിന് ശ്രമിക്കുമെന്നും സി.ഐ.ടി.യു പെരിങ്ങോം ഏരിയ സെക്രട്ടറി എം.പി. ദാമോദരൻ പറഞ്ഞു. കോടതിവിധി അംഗീകരിക്കുമ്പോൾതന്നെ എല്ലാ കടയുടമകളും സ്വന്തംനിലക്ക് കയറ്റിറക്ക് നടത്തിയാൽ ചുമട്ടുതൊഴിലാളികൾ പട്ടിണിയിലാവും. ഇതംഗീകരിക്കാനാവില്ല. എന്നാൽ, ചെറിയ വിട്ടുവീഴ്ചയിലൂടെയായാലും പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹം -അദ്ദേഹം പറഞ്ഞു. സമരത്തിന് ഐ.എൻ.ടി.യു.സി ഉൾപ്പെടെ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.