പയ്യന്നൂർ: പാമ്പുകടിയേറ്റവർക്കുള്ള ധനസഹായ തുകയിൽ അധികം കൈപ്പറ്റിയിട്ടും തിരിച്ചടച്ചില്ലെന്ന വനം വകുപ്പിന്റെ പരാതിയിൽ മധ്യവയസ്കനെതിരെ കേസ്. ചെറുതാഴം ശ്രീസ്ഥയിലെ കെ.വി. രവീന്ദ്രനെ(55)തിരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ വി. രതീശന്റെ പരാതിയില്‍ പരിയാരം പൊലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തത്. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനിടെ തുകയില്‍ പിശകുപറ്റിയതായും തെറ്റു മനസ്സിലായിട്ടും അധികതുക കൈപ്പറ്റിയത് സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ വിസമ്മതിച്ചെന്നും പരാതിയിൽ പറയുന്നു.
2020 ആഗസ്റ്റിലാണ് പാമ്പുകടിയേറ്റ വർക്കുള്ള ചികിത്സ ധനസഹായ തുകയായ 67,073 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായത്. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. എന്നാല്‍ തുക എഴുതിയപ്പോൾ ഉദ്യോഗസ്ഥർക്കുണ്ടായ പിശകാണ് പ്രശ്നത്തിന് കാരണമായത്. 67,673 രൂപക്കു പകരം എഴുതിയ ഉദ്യോഗസ്ഥൻ 6,70,073 എന്ന് തെറ്റായി രേഖപ്പെടുത്തി. ഈതുക രവീന്ദ്രന്റെ അക്കൗണ്ടിലേക്ക് ആഗസ്റ്റ് 14ന് ട്രാൻസ്ഫർ ചെയ്തു. പിശക് മനസ്സിലായിട്ടും അധികമായി കൈപ്പറ്റിയ തുക തിരിച്ചടച്ചില്ലെന്നാണ് പരാതി.
17ന് ഇയാൾ രണ്ടു ലക്ഷം രൂപ വീതം മകന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു. തുക വകമാറിയതോടെ വനം വകുപ്പ് അധികൃതര്‍ രവീന്ദ്രനുമായി ബന്ധപ്പെട്ടപ്പോള്‍ 55,000 ഇയാള്‍തിരിച്ചടച്ചു.
ബാക്കി തുക അടക്കാതെ വന്നതോടെയാണ് റേഞ്ച് ഓഫിസർ വി. രതീശന്‍ പരിയാരം പൊലീസിൽ പരാതി നല്‍കിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.