പയ്യന്നൂർ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി 4.74 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാനൊരുങ്ങി പയ്യന്നൂർ നഗരസഭ. കേരള സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഖരമാലിന്യ പരിപാലന പ്ലാൻ രൂപീകരണത്തോടനുബന്ധിച്ച് നടന്ന പ്രഥമ കൂടിയാലോചന യോഗത്തിലാണ് തീരുമാനം.
2027ൽ പൂർത്തീകരിക്കേണ്ട പദ്ധതിക്കായി 12.1 കോടി രൂപയാണ് അനുവദിക്കുക. സമഗ്ര ഖരമാലിന്യ മാസ്റ്റർ പ്ലാൻ തയാറാക്കിയാണ് പദ്ധതി നടപ്പാക്കുക. ശേഖരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അത്യാധുനിക ഗതാഗത സംവിധാനമൊരുക്കും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യശേഖരണത്തിന് വാതിൽപ്പടി സേവനവും ആരംഭിക്കും. ആദ്യഘട്ടത്തിൽ ഒന്നും രണ്ടും വർഷങ്ങളിലായി 4.74 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
മൂരിക്കൊവ്വൽ എം.സി.എഫ് നവീകരണം, പുതിയ കെട്ടിട നിർമാണം, നിലവിലുള്ള ആർ.ആർ.എഫ് വിപുലീകരണം, ഹരിതകർമസേന, ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷ ഉപകരണങ്ങൾ വാങ്ങൽ, എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങൽ, വിൻഡ്രോ കമ്പോസ്റ്റ് നിർമാണം, കേന്ദ്രീകൃത നാപ്കിൻ ഡിസ്ട്രോയർ, 11 തുമ്പൂർമുഴി യൂനിറ്റുകൾ, ഹരിതകർമ സേന പ്രവർത്തനങ്ങൾക്ക് പുഷ് കാർട്ട് വാഹനങ്ങൾ വാങ്ങൽ, കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് ഹിറ്റാച്ചി മോഡൽ വാഹനം വാങ്ങൽ എന്നിവയാണ് ലക്ഷ്യമിടുന്നത്.
നഗരസഭ കൗൺസിൽ ഹാളിൽ നടന്ന അവലോകന യോഗം ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിഭാഗം സ്ഥിരംസമിതി അധ്യക്ഷ വി.വി. സജിത അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വി. ബാലൻ, ടി. വിശ്വനാഥൻ, ടി.പി. സെമീറ, സെക്രട്ടറി എം.കെ. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഷിബു തുടങ്ങിയവർ സംസാരിച്ചു.
ഇരിട്ടി: ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സാമ്പത്തികസഹായത്തോടെ ഇരിട്ടി നഗരസഭയിൽ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രാഥമിക നടപടി തുടങ്ങി. നഗരസഭയുടെ നിലവിലുള്ള മാലിന്യപരിപാലന പ്രവർത്തനങ്ങളിലെ പോരായ്മകൾ കണ്ടെത്തി അവ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളും പ്ലാന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുളള കർമ പദ്ധതി ഉണ്ടാക്കുന്നതിനുള്ള ആലോചനാ യോഗം ചേർന്നു. നഗരസഭതലത്തിൽ ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പുതിയ പദ്ധതികൾ ഉണ്ടാക്കുന്നതിനായി ആശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സംയോജിപ്പിച്ചു കൊണ്ട് അടുത്ത അഞ്ചു വർഷത്തേക്കുള്ള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാൻ തയാറാക്കുകയാണ് ലക്ഷ്യം.
വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ, ഹരിതകർമ സേന പ്രതിനിധികൾ, മാലിന്യസംസ്കരണ മേഖലയിലെ സേവനദാതാക്കൾ, എൻ.ജി.ഒ പ്രതിനിധികൾ, വിഷയ വിദഗ്ധർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സോഷ്യൽ ഓഡിറ്റ് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തവും ഉണ്ടായി. നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വിഷയാടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങി.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. സോയ അധ്യക്ഷത നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എ.കെ. രവീന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നമിത, പൊതുമരാമത്തു സ്ഥിരംസമിതി ചെയർമാൻ കെ. സുരേഷ്, നഗരസഭ അംഗങ്ങളായ എൻ.കെ. ഇന്ദുമതി, എ.കെ. ഷൈജു, പി. സീനത്ത്, സമീർ പുന്നാട്, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.