പയ്യന്നൂർ: കോവിഡ് കാലത്ത് സഹജീവി സ്നേഹത്തിെൻറയും കരുതലിെൻറയും മറ്റൊരടയാളമായി ബംഗളൂരുവിൽ ബേക്കറി നടത്തുന്ന കുഞ്ഞിമംഗലം സ്വദേശി മുകേഷ്. തൊട്ടടുത്ത കടകളിലെ സുഹൃത്തുക്കളായ മൂന്നു പേർക്കാണ് മുകേഷ് അത്താണിയായത്. ബംഗളൂരുവിൽ വർഷങ്ങളായി ബേക്കറി ബിസിനസ് നടത്തിവരുകയാണ് ഈ യുവാവ്. അവിടെതന്നെ അടുത്ത ഷോപ്പുകളിലെ സുഹൃത്തുക്കളായ അഞ്ചരക്കണ്ടിയിലെ ജിമേഷ്, ജിജേഷ്, കൊളച്ചേരിയിലെ മൻസൂർ എന്നിവരിൽ കോവിഡ് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയപ്പോൾ ബംഗളൂരുവിലെ ആശുപത്രികളിൽ ബെഡ് കിട്ടാൻ വൈകുമെന്ന് തിരിച്ചറിഞ്ഞ് ബേക്കറിയുടെ ഷട്ടർ താഴ്ത്തി നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മൂവരെയും സ്വന്തം വീട്ടിൽ പാർപ്പിച്ചാണ് മുകേഷ് മനുഷ്യത്വത്തിെൻറ മഹനീയ മാതൃകയായത്.
സുഹൃത്തുക്കളുടെ വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലായിരുന്നു. തുടർന്ന് സ്വന്തം വീട്ടിൽനിന്ന് അമ്മയോടും അച്ഛനോടും സഹോദരിയുടെ വീട്ടിലേക്ക് കുറച്ചുദിവസം മാറിത്താമസിക്കാൻ ഏർപ്പാടുണ്ടാക്കിയാണ് സുഹൃത്തുക്കളുമായി വീട്ടിലെത്തിയത്. സുഹൃത്തുക്കളെ വീടിെൻറ മുകളിലെ നിലയിലാക്കി അവർക്കു വേണ്ട ഭക്ഷണം സ്വയം പാകം ചെയ്തുനൽകി.
നാട്ടിൽ വന്നതിെൻറ പിറ്റേദിവസം നാലുപേരുടെയും കോവിഡ് പരിശോധന പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തി. മുകേഷ് ഒഴികെ മൂന്നു പേർക്കും പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചു. രണ്ടു ദിവസം പിന്നിട്ടപ്പോൾ കൂട്ടത്തിലെ രണ്ടുപേർക്ക് സാരമായ ലക്ഷണങ്ങൾ കണ്ടതോടെ ആരോഗ്യപ്രവർത്തകർ എത്തി അവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മൂന്നു പേരും നെഗറ്റിവായപ്പോഴേക്കും രക്ഷകനായ മുകേഷിനെയും വൈറസ് പിടികൂടിയിരുന്നു.
ബേക്കറി അടച്ചിടേണ്ടിവരുമെന്നറിഞ്ഞിട്ടും കൂടെ പോയാൽ കോവിഡ് വരുമെന്ന് ഉറപ്പുണ്ടായിട്ടും മറ്റൊന്നും ആലോചിക്കാതെ സുഹൃത്തുക്കളുമായി ജീവിതത്തിലേക്ക് കാർ പായിക്കുകയായിരുന്നു മുകേഷ്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നെഗറ്റിവ് ആയെങ്കിലും ക്വാറൻറീൻ തുടരുന്ന യുവാവ് ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്തുവരുന്നു. എടാട്ട്, തമാരംകുളങ്ങരയിലെ സി.പി.എം ബ്രാഞ്ച് അംഗം എം.പി. ഗംഗാധരെൻറ മകനായ മുകേഷ് സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.