പയ്യന്നൂർ: ബൈക്കുമായി സഞ്ചരിക്കവേ പാലത്തില്‍നിന്ന് പുഴയിലേക്ക് വീണുമരിച്ച ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണുവിന് നാടിന്റെ യാത്രാമൊഴി. പാണപ്പുഴ മാത്ത് വയൽ പാലത്തിന്റെ അരികിലൂടെയാണ് ജിഷ്ണു ബൈക്കു സഹിതം പുഴയിലേക്ക് വീണത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
അമിത വേഗതയിൽവന്ന ബൈക്ക് റോഡിൽനിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺക്രീറ്റ് തിട്ടയിലേക്ക് വീഴുകയും വെള്ളത്തില്‍ പതിക്കുകയുമായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകി പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രാത്രി 12 ഓടെയാണ് ജിഷ്ണു മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ സംസ്കാരം നടന്നു.
മാതമംഗലം ഭാഗത്തുനിന്ന് പാണപ്പുഴയിലേക്ക് വരുമ്പോഴാണ് അപകടം. വർഷങ്ങൾക്ക് മുമ്പ് ബസും ബൈക്കും കൂട്ടിയിടിച്ച് ജിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലിചെയ്തുതു വരികയായിരുന്നു. അപകട വിവരമറിഞ്ഞ് പയ്യന്നൂരില്‍നിന്ന് അഗ്നിരക്ഷാസേനയും പരിയാരം എസ്.ഐ കെ.വി. സതീശന്റെ നേതൃത്വത്തില്‍ പൊലീസും, പെരിങ്ങോം പൊലീസും സ്ഥലത്തെത്തിയിരുന്നു.
അതേസമയം ബൈക്ക്പാലത്തിൽനിന്ന് പുഴയിലേക്ക് വീഴാൻ കാരണം റോഡരികിൽ ക്രാഷ് ബാരിയർ ഇല്ലാത്തതെന്ന് നാട്ടുകാർ പറയുന്നു. മാതമംഗലം പാണപ്പുഴ ചുടല റോഡ് നവീകരിച്ചെങ്കിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെ.
കോടികൾ ചെലവഴിച്ച് റോഡ് നിർമിച്ചെങ്കിലും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അധികൃതർ തയാറാകാത്തതിന്റെ രക്തസാക്ഷിയാണ് ജിഷ്ണു എന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.