പയ്യന്നൂർ: ഏഷ്യയിലെ ഏറ്റവും വലിയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ തുടങ്ങുകയും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്ത കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് സംരക്ഷണമതിൽ മാത്രം ഇല്ല. ലക്ഷങ്ങൾ ചെലവഴിച്ച് കവാടവും കാവൽപുരയും പണിതപ്പോഴാണ് ഇൗയവസ്ഥ.
എം.ബി.ബി.എസ്, വിവിധ മെഡിക്കൽ പി.ജി കോഴ്സുകൾ, ബി.എസ്സി, നഴ്സിങ് കോളജ് തുടങ്ങി 15 ലധികം അനുബന്ധ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. എം.ബി.ബി.എസിന് മാത്രം പ്രതിവർഷം 500 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇത് ഉൾപ്പെടെ ഒരേസമയം 2000ത്തോളം വിദ്യാർഥികൾ പഠിക്കുന്ന കാമ്പസാണ് പൂർണമായും തുറന്നു കിടക്കുന്നത്.
ദേശീയപാതയിൽ അര കിലോമീറ്റർ അതിർത്തി പങ്കിടുന്ന കാമ്പസിൽ ഒരിടത്തും ചുറ്റുമതിലില്ല. കിഴക്കുവടക്കു ഭാഗങ്ങളിലും ഇതുതന്നെ സ്ഥിതി. പടിഞ്ഞാറ് ഗവ. ആയുർവേദ കോളജിെൻറ മതിലുണ്ട്. സംരക്ഷണ മതിലില്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം കൂടുന്നതായി വിദ്യാർഥികൾ പറയുന്നു. വനിത ഹോസ്റ്റലിൽനിന്ന് 40,000 രൂപ വിലവരുന്ന ലാപ്ടോപ്പും ശസ്ത്രക്രിയ മുറിയിൽ നിന്ന് ഏഴുലക്ഷം വിലവരുന്ന മെഡിക്കൽ ഉപകരണവും കാണാതായ സംഭവമുണ്ടായത് അടുത്തിടെയാണ്. ലാപ്ടോപ് മോഷ്ടാവിനെ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്.
വാർഡുകളിലും മറ്റും മുൻകാലങ്ങളിൽ ഇതുപോലുള്ള കവർച്ച ഉണ്ടായതായി പരാതിയുയർന്നിരുന്നു. കഴിഞ്ഞയാഴ്ച വനിത ഹോസ്റ്റലിനു മുന്നിലെത്തിയയാൾ ഉടുമുണ്ടഴിച്ചു കാണിച്ച സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുകയാണ്. കാടുമൂടിക്കിടക്കുന്ന കാമ്പസിൽ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മറ്റുവഴികൾ അടക്കാതെ കടന്നപ്പള്ളി ഭാഗത്തേക്കുള്ള റോഡ് മാത്രം വിദ്യാർഥികൾ അടച്ചത് വിവാദമായിരുന്നു. ദേശീയപാത തുറന്നുകിടക്കെ നാട്ടുകാർ ഉപയോഗിക്കുന്ന പാത മാത്രം അടച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തുകയും പൊളിച്ചുനീക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.