പയ്യന്നൂര്‍: പട്ടാപ്പകൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി മേശവലിപ്പിൽ നിന്ന് അതി വിദഗ്ധമായി പണം കവർന്ന് രക്ഷപ്പെടുന്ന മോഷ്ടാവ് കുരുവി സജു പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. ദിവസങ്ങൾക്ക് മുമ്പ് പട്ടാപ്പകൽ പയ്യന്നൂരിലെ രാജധാനി തിയറ്ററിന് സമീപത്തെ പെട്രോൾ പമ്പിൽനിന്ന് കാൽ ലക്ഷം രൂപ കവർന്ന കേസിലാണ് കുപ്രസിദ്ധ മോഷ്ടാവായ ഇരിട്ടി വള്ളിത്തോട് വിളമന സ്വദേശി കുരുവി സജു എന്ന കുരുവിക്കാട്ടില്‍ സജു(41)വിനെ പയ്യന്നൂര്‍ എസ്.ഐ എം.വി. മിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കാഞ്ഞങ്ങാട് ആവിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. മേയ് 10ന് പകലാണ് പുതിയ ബസ്റ്റാൻഡിന് സമീപം രാജധാനി തിയറ്ററിന് സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പിൽ മോഷണം നടന്നത്.
മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയാണ് മാനേജരുടെ കണ്ണുവെട്ടിച്ച് ഇയാൾ മോഷ്ടിച്ചത്. പെട്രോള്‍ പമ്പ് മാനേജര്‍ കുഞ്ഞിമംഗലം കണ്ടങ്കുളങ്ങരയിലെ സുകുമാരന്റെ പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. പെട്രോൾ പമ്പിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സൂക്ഷ്മായി പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളിലാണ് പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ പിടികൂടിയത്. മാസങ്ങൾക്കു മുമ്പ് പയ്യന്നൂര്‍ പഴയ ബസ്റ്റാൻഡിന് സമീപത്തെ വ്യാപാരസ്ഥാപനത്തില്‍നിന്ന് പതിനായിരം രൂപ മോഷ്ടിച്ചത് ഇയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തളിപ്പറമ്പ്, ഉൾപ്പെടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഇയാൾക്കെതിരെ 30 ഓളം മോഷണ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.