പയ്യന്നൂർ: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയിലെത്തിയപ്പോഴാണ് സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന സ്ത്രീ കുഴഞ്ഞു വീഴുന്നത് കണ്ടക്ടർ വിനീഷിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ ഡ്രൈവറെ വിവരമറിയിക്കുകയും ബസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് കുതിക്കുകയുമായിരുന്നു. തക്കസമയത്ത് ബസ് ആശുപത്രിയിലെത്തിയതിനാൽ എം.പി. ഖദീജ എന്ന യാത്രക്കാരിക്ക് ലഭിച്ചത് പുതുജീവിതം.
പെരുമ്പടവ്-പയ്യന്നൂർ റൂട്ടിൽ സർവിസ് നടത്തുന്ന ശ്രീനിധി ബസിലെ കണ്ടക്ടർ ഏര്യം സ്വദേശി വിനീഷിന്റെയും ഡ്രൈവർ പാണപ്പുഴ പറവൂർ സ്വദേശി വിജീഷിന്റെയും കരുതലാണ് ഖദീജക്ക് തുണയായത്. ബസ് രാവിലെ ഏഴിന് ആദ്യ സർവിസ് ആരംഭിച്ച് വെള്ളോറ കഴിഞ്ഞ് കോയിപ്ര സ്റ്റോപ്പിൽ എത്തിയപ്പോഴാണ് ഖദീജ കയറിയത്. അര മണിക്കൂറിലധികം ഓടി ചന്തപ്പുരയിലെത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ബസ് നരിക്കാംവള്ളി, പിലാത്തറ വഴി സ്റ്റോപ്പുകളിൽ നിർത്താതെയാണ് പരിയാരത്തേക്ക് ഓടിയത്. വിവിധ സ്റ്റോപ്പുകളിൽ ഇറങ്ങാനുള്ള യാത്രക്കാർ ബസ് ജീവനക്കാരോട് സഹകരിച്ചു. പതിവായി ബസിൽ കയറാറുള്ള യാത്രക്കാരെയും ഒഴിവാക്കിയാണ് ബസ് പരിയാരത്തെത്തിയത്. ബസ് പിലാത്തറയിൽനിന്നാണ് ദേശീയ പാതയിലൂടെ പയ്യന്നൂരിലേക്ക് സർവിസ് നടത്തേണ്ടത്. എന്നാൽ, അഞ്ചു കി.മീറ്ററോളം തളിപ്പറമ്പ് ഭാഗത്തേക്ക് സഞ്ചരിച്ചാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ഖദീജയെ അത്യാഹിത വിഭാഗത്തിൽ ഏൽപ്പിച്ച് സുരക്ഷിതമാക്കിയാണ് ജീവനക്കാർ ബസുമായി സർവിസ് പുനരാരംഭിച്ചത്. ഖദീജ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം ഉച്ചയോടെ ആശുപത്രി വിട്ടു. ജീവനക്കാരുടെ ജാഗ്രതയെ നാട്ടുകാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.