പയ്യന്നൂർ: ലോക്ഡൗൺ അനന്തമായി നീളുന്നതോടെ, തിയറ്റർ വളപ്പ് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പാർക്കിങ് കേന്ദ്രമാക്കി അതിജീവന പരീക്ഷണം. പയ്യന്നൂരിലെ സുമംഗലി തിയറ്റർ വളപ്പാണ് തിങ്കളാഴ്ച മുതൽ താൽക്കാലികമായി പേ പാർക്കിങ് കേന്ദ്രമാക്കി മാറ്റിയത്. പയ്യന്നൂരിലെ ബോംബേ ഹോട്ടൽ ഗ്രൂപ് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥരായ സഹോദരന്മാരിൽ കെ.പി.ഗണേശെൻറ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ ഒന്നാണ് സുമംഗലി. തിയറ്ററുകളിലെ പതിനഞ്ചോളം സ്ഥിരം ജീവനക്കാരുടെ പ്രാരബ്ധങ്ങൾക്ക് ചെറിയൊരു പരിഹാരമാകുമെന്ന നിലയിലാണ് പേ പാർക്കിങ് പരീക്ഷണത്തിന് ഒരുങ്ങിയതെന്ന് ഉടമ കെ.പി.ഗണേശൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി വരുമാനം നിലച്ച് ബാങ്ക് വായ്പകൾ മുതലും പലിശയും തിരിച്ചടക്കാതെ കൂടിവരുന്നത് പല ഉടമകളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പല മേഖലകളും ഇളവുകളോടെ പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ടെങ്കിലും സിനിമ തിയറ്റർ മേഖലക്ക് പ്രദർശനാനുമതിയില്ല. താൽക്കാലികമായി ഇളവുകൾ ലഭിച്ചാലും പ്രായോഗികമായി എങ്ങനെ തിയറ്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതും ചോദ്യചിഹ്നമാണ്. ബാങ്കിൽനിന്ന് വായ്പയെടുത്തും മറ്റും മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് അടുത്തിടെയാണ് സുമംഗലി, രാജധാനി തിയറ്ററുകൾ ഏറ്റവും ആധുനിക സൗകര്യങ്ങളോടെ തിയറ്റർ കോംപ്ലക്സുകളാക്കി മാറ്റിയത്.
അഞ്ച് മാസമായി വരുമാനമൊന്നുമില്ലെങ്കിലും തിയറ്ററിലെ ആധുനിക ഇലക്ട്രോണിക്സ് പ്രോജക്ടറുകളും എ.സി, ജനറേറ്ററുകൾ തുടങ്ങിയവയും സംരക്ഷിക്കാൻ തന്നെ മാസത്തിൽ നല്ലൊരു തുക ചെലവുവരും. വൈദ്യുതി മിനിമം ചാർജ്, കെട്ടിട നികുതി തുടങ്ങിയ ചെലവുകൾ പുറമേയുമുണ്ട്. പലിശയില്ലാതെ ലോൺ നൽകിയാൽ തൽക്കാലം പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ പറ്റും. സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും ഈ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.പി.ഗണേശൻ പറഞ്ഞു. ദുരിതപൂർണമായ അവസ്ഥയെ തരണം ചെയ്യാൻ ധീരതയോടെ പരീക്ഷണത്തിനിറങ്ങിയ ഗണേശനെ, സിനിമ മേഖലയിലുള്ള പല പ്രമുഖരും നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. പ്രമുഖ സംവിധായകനും ഫെഫ്ക സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണൻ, ഫിയോക്ക് മുൻ പ്രസിഡൻറും നടനുമായ ദിലീപ്, ഫിയോക്ക് സെക്രട്ടറി എം.സി. ഗോപി തുടങ്ങി നിരവധി പേരാണ് അഭിനന്ദനമറിയിച്ച് ഫോൺ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.