പയ്യന്നൂർ: ഹരിതസമൃദ്ധ കാഴ്ചകളുമായി പോയകാല കാർഷിക പ്രതാപം വീണ്ടെടുത്ത് കുളപ്പുറത്തെ പാടശേഖരം. പ്രതികൂല കാലാവസ്ഥയെ പോലും വെല്ലുവിളിച്ച് നെൽക്കതിർ നിറഞ്ഞ പാടശേഖരത്തിൽ പുഷ്പിക്കുന്നത് പുതിയ പ്രതീക്ഷകൾ. ഇല്ലാതാവുന്ന കാർഷിക പെരുമ വീണ്ടെടുക്കുകയാണ് യുവകർഷകൻ. കുളപ്പുറം പാടശേഖരത്തിലെ വണ്ണാറട്ട വീട്ടിൽ സുരേഷ് ബാബുവിന്റെ ആറേക്കർ സ്ഥലത്താണ് കർക്കടകത്തിന്റെ ആദ്യ നാളിൽ തന്നെ നെല്ല് വിരിഞ്ഞുതുടങ്ങിയത്.
ആതിരയും ഉമയുമായിരുന്നു കൃഷിയിറക്കിയത്. കർക്കടക മാസത്തിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും കർഷകർ നെൽക്കെതിർ കൊണ്ട് നിറയുത്സവം നടത്തുന്നത്. ഇക്കുറി ജില്ലയിൽ മറ്റെവിടെയും നെല്ലുകൾ കതിരണിഞ്ഞില്ല. മഴ വൈകിയതാണ് കാരണം. പാലക്കാടുനിന്നുവരെ കതിർ കൊണ്ടുവന്നവരുണ്ട്.
വയലിൽ വിരിയുന്ന ആദ്യത്തെ നെൽക്കതിരുകളാണ് ഇതിനെടുക്കുക. കുളപ്പുറം വയൽ കതിരണിഞ്ഞത് ആശ്വാസമായി. സുരേഷ് ബാബുവിന്റെ പാടശേഖരത്തിൽനിന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പെരളശ്ശേരി അമ്പലം, ചെറുതാഴം ഹനുമാരമ്പലം, ചീമേനി മഹാവിഷ്ണു ക്ഷേത്രം, കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് നിറയൊരുക്കാൻ കതിർ കൊണ്ടു പോയത്.
ഇതിനകം 150ൽ പരം ക്ഷേത്രങ്ങളിലേക്ക് ഇവിടെ നിന്ന് നെൽക്കതിർ കൊണ്ടുപോയി. പഴയകാലത്ത് കർഷകർക്ക് ആഘോഷം കൂടിയായിരുന്നു നിറ. നിറകഴിഞ്ഞാൽ ചിങ്ങത്തിൽ പുത്തരിയാണ്. പുത്തരിക്കുള്ള നെല്ലും ഇവിടെ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ബാബു.
ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. കാലാവസ്ഥ വ്യതിയാനം മൂലം അൽപം നഷ്ടമുണ്ടായെങ്കിലും വിളവെടുക്കാൻ തയ്യാറാവുമ്പോഴേക്കും നല്ല വിളവു കിട്ടുമെന്ന് തന്നെയാണ് സുരേഷ് ബാബു കരുതുന്നത്. ഇദ്ദേഹം കഴിഞ്ഞതവണ 20 ഏക്കറോളം നെൽകൃഷി ചെയ്തിരുന്നു.
ചെറുതാഴം കൃഷി ഭവന്റെ സഹായവുമുണ്ട് കൃഷിക്ക്. അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഈ കർഷകൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.