പയ്യന്നൂർ: അടച്ചുപൂട്ടലിെൻറ ആലസ്യത്തിൽനിന്നുണരാതെ ഒരു കളിയാട്ടക്കാലം കൂടി സമാഗതമായി. ഇന്നത്തെ തുലാമാസപ്പിറവിയോടെയാണ് വടക്കൻ കേരളത്തിൽ ഓട്ടുചിലമ്പുകൾ കലമ്പുന്ന തെയ്യക്കാലവും പിറക്കുന്നത്. അടച്ചിടലിൽ ഇളവുകളുണ്ടെങ്കിലും കാവുകൾ സജീവമാകുമോ എന്നതിൽ പരക്കെ ആശങ്ക നിലനിൽക്കുകയാണ്. പലയിടത്തും പ്രാദേശിക ഭരണകൂടങ്ങൾ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.തുലാമാസത്തിൽ ഉണരേണ്ട തെയ്യക്കാവുകളിൽനിന്ന് അനിശ്ചിതത്വത്തിെൻറ കാർമേഘങ്ങൾ മായാതെയായതോടെ പ്രതീക്ഷയസ്തമിച്ചത് നൂറുകണക്കിന് തെയ്യം കലാകാരന്മാർക്കാണ്.
2019ലെ സീസണിൽ പാതിവഴിയിൽ നിലച്ച കളിയാട്ടക്കാലം കഴിഞ്ഞ തുലാമാസത്തിൽ വീണ്ടും താളമിടുമെന്ന പ്രതീക്ഷയാണ് തകർന്നടിഞ്ഞത്. ആൾക്കൂട്ടം കുറച്ചുമാത്രം ഒരുതെയ്യം കെട്ടാനുള്ള അനുമതി ജില്ല ഭരണകൂടങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്നാണ് കലാകാരന്മാരും ക്ഷേത്രക്കാരും പറയുന്നത്. ആളും ആരവവുമാണ് കളിയാട്ടക്കാവുകളുടെ മുഖമുദ്ര. മുമ്പ് നിശ്ചയിച്ച് നടത്തിവരാറുള്ള അനുഷ്ഠാനമാണ് തെയ്യം. അതുകൊണ്ട് നിയന്ത്രണ വിധേയമായി കളിയാട്ടം നടത്തുക അസാധ്യമാണ്. ഇതാണ് ഈ സീസണിലെയും തെയ്യം അനിശ്ചിതത്വത്തിലാക്കിയത്. മാത്രമല്ല, ആളുകൾ കുറയുന്നത് സാമ്പത്തികഞെരുക്കത്തിനും കാരണമാവും. അത്യുത്തരകേരളത്തിലെ അസംഖ്യം തെയ്യക്കാവുകളാണ് ഇക്കുറിയും കോവിഡ് കാരണം അനിശ്ചിതത്വത്തിലായത്.
രണ്ടു വർഷമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് തെയ്യം കലാകാരന്മാരുടെ ജീവിതമാണ് വൈറസ് തകർത്തെറിഞ്ഞത്. ഈ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. തുലാം പിറന്നാൽ ചെണ്ടപ്പുറത്ത് കോലുവീഴാത്ത ഗ്രാമങ്ങൾ ഈ രണ്ടു ജില്ലകളിലും വിരളമാണ്. തോറ്റംപാട്ടിെൻറ അലൗകിക താളവും ആയിരങ്ങൾക്ക് ആശ്വാസം പകരുന്ന വാചാലും ഇല്ല എന്നു മാത്രമല്ല, നിരവധി കുടുംബങ്ങളുടെ അന്നം കൂടിയാണ് മുട്ടിയത്. പൂരോത്സവം, വിഷുവിളക്ക് തുടങ്ങി ഏറെ തിരക്കുള്ള സന്ദർഭത്തിലാണ് കഴിഞ്ഞ സീസണിൽ കോവിഡ് ഭീതി കാരണം കാവുകളിൽ കളിയാട്ടം നിലച്ചത്. നൂറുകണക്കിന് കാവുകളും തറവാടുകളും കൊയ്തൊഴിഞ്ഞ പാടങ്ങളും സജീവമാക്കിയ തെയ്യക്കാലം ഇല്ലാതായത് ചരിത്രത്തിലാദ്യമാണെന്ന് കലാകാരന്മാർ പറയുന്നു.
ആറുമാസം ഉറഞ്ഞാടി കാവുകളുണർത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് ഇവർ ഒരുവർഷം ജീവിക്കുന്നത്. മാത്രമല്ല, ഊണുമുറക്കവുമൊഴിഞ്ഞ് ശരീരം വരിഞ്ഞുമുറുക്കിയും തീയാട്ടത്തിലൂടെയും ശരീരത്തിനേൽപിക്കുന്ന പരിക്കുകൾ ചെറുതല്ല. ഇതിനുള്ള കർക്കിടക മാസത്തിലെ ആശുപത്രിവാസവും ചികിത്സയും ഇല്ലാതായി. സാധാരണ ഇടവപ്പാതി കഴിഞ്ഞാൽ പൊടി തട്ടി ഭദ്രമായി വെക്കുന്ന ആടയാഭരണങ്ങൾ തുലാമാസത്തിലാണ് പുറത്തെടുത്ത് പുതുക്കുക പതിവ്. എന്നാൽ, അനിശ്ചിതത്വം കാരണം ഇവ ഇപ്പോഴും വിശ്രമത്തിലാണ്. തുലാപത്തിനാണ് മിക്ക കാവുകൾ ഉണരുക.
പയ്യന്നൂർ ഉൾപ്പെടെ തുലാമാസ സംക്രമത്തിൽ തന്നെ തെയ്യമുറയുന്ന തറവാടുകളുണ്ട്. സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങളും സൗജന്യ റേഷനുമൊക്കെ ലഭിച്ചുവെങ്കിലും നഷ്ടപ്പെട്ട തൊഴിൽദിനങ്ങൾ ഒരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്. മലബാർ ദേവസ്വം ബോർഡ് ആചാരസ്ഥാനികർക്ക് നൽകിവരുന്ന സാമ്പത്തിക ആനുകൂല്യം തങ്ങൾക്കുകൂടി ലഭിക്കണമെന്ന ആവശ്യം വർഷങ്ങളായി സർക്കാർ അവഗണിക്കുകയാണെന് ഇവർ പറയുന്നു. വണ്ണാൻ, മലയൻ, വേലൻ, ചിങ്കത്താൻ, പുലയ തുടങ്ങിയ സമുദായങ്ങളാണ് പ്രധാനമായി തെയ്യം കെട്ടിയാടുന്നത്. ഇവരിൽ ഭൂരിഭാഗവും സീസണിലെ കളിയാട്ടം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.