പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ പ്രധാന പാതയായ വെള്ളൂർ-പാടിയോട്ടുചാൽ റോഡ് പ്രവൃത്തി കിഫ്ബിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി. രാമന്തളി പാലക്കോട്-എടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡു പ്രവൃത്തി ഉടൻ തുടങ്ങുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടു പാതകളും നവീകരിക്കണമെന്നാവശ്യപ്പെട്ട് ടി.ഐ. മധുസൂദനൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
നേരത്തേയുള്ള ഉത്തരവു പ്രകാരം ഭരണാനുമതി നൽകിയ വെള്ളൂർ-പാടിയോട്ടുചാൽ റോഡ് നവീകരണ പ്രവൃത്തിയിൽ 28.300 കിലോമീറ്റർ വരെയുള്ള ആദ്യ ഭാഗം സി.ആർ.എഫിലും സംസ്ഥാന ബജറ്റിലും ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി ഏഴു മീറ്റർ കാര്യേജ് വേയിൽ ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിച്ചിരുന്നു. ഈ റോഡിന്റെ തുടക്കം മുതൽ 15 കിലോമീറ്റർ ഭാഗം സി.ആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പ്രവൃത്തിയുടെ ഡിഫക്ട് ലയബിലിറ്റി പീരിഡിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പുനരുദ്ധരിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് നിർവഹണ ഏജൻസി കിഫ്ബിക്ക് സമർപ്പിച്ചിരുന്നില്ല.
എന്നാൽ, നിലവിൽ ഈ ഭാഗത്തിന്റെ ഡിഫക്ട് ലയബിലിറ്റി പീരീഡ് കഴിഞ്ഞതിനാൽ റോഡ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി പരിശോധന ആരംഭിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കെ.ആർ.എഫ്.ബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പ്രോജക്ട് ഡയറക്ടർക്ക് കത്ത് നൽകിയതായി മന്ത്രി പറഞ്ഞു.
മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന മാടായി-എട്ടിക്കുളം എച്ച്.എസ് പാലക്കോട് റോഡ് പ്രവൃത്തിയുടെ ആദ്യ ഘട്ടമായി വെങ്ങര മേൽപാലം നിർമാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.