ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പടിയൂർ-പഴശ്ശി ഇക്കോ ടൂറിസം പ്ലാനറ്റിന്റെ ആദ്യഘട്ടം ആറുമാസത്തിനകം പൂർത്തിയാകും.
ഒന്നാംഘട്ടത്തിൽ 5.66 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകനം കെ.കെ. ശൈലജ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. 1300 മീറ്റർ റോഡ് നിർമാണം, പാർക്ക്, റസ്റ്റാറൻറ്, പ്രകൃതിസൗഹൃദ വനവത്കരണം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
പദ്ധതി പ്രദേശവും സ്വകാര്യഭൂമിയും ഉപയോഗപ്പെടുത്തി ഒമ്പതുമീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന്റെ മൺപണികളും കലുങ്ക് നിർമാണവും അന്തിമഘട്ടത്തിലാണ്. സംഭരണി തീരത്ത് വലിയ കോൺക്രീറ്റ് മതിലും പൂർത്തീകരിച്ചു. ടൂറിസംമന്ത്രി പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ കാരവൻ പാർക്ക് പദ്ധതിക്കുള്ള എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കാനും തീരുമാനിച്ചു.
ഒന്നര ഏക്കർ സ്ഥലത്ത് നിർമിക്കുന്ന കാരവൻ പാർക്കിനൊപ്പം ബോട്ട് സർവിസ്, ഫ്ലോട്ടിങ് ബ്രിഡ്ജ് എന്നിവയും ഉൾപ്പെടുത്തിയുള്ള രണ്ടാംഘട്ട വികസന പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തയാറാക്കും. ഒന്നാംഘട്ടം പൂർത്തിയാകുന്ന മുറക്ക് രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന പദ്ധതി എന്ന നിലയിൽ സോളാർ, വാതക ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളാണ് ഉല്ലാസയാത്രക്ക് ഉപയോഗപ്പെടുത്തുക. വിവിധ ഘട്ടങ്ങളിലായി പദ്ധതി പ്രദേശത്തെ തുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോപ് വേ ഉൾപ്പെടെയുള്ള വൻ ടൂറിസം വികസന പദ്ധതികളാണ് ഇക്കോ പ്ലാനറ്റിലൂടെ ലക്ഷ്യപ്പെടുന്നത്.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, സി.പി.എം പടിയൂർ ലോക്കൽ സെക്രട്ടറി എം. ഷിനോജ്, സി. രമേശൻ, കരാറുകാരൻ ആർ.വി. ജോസഫ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.