പഴയങ്ങാടി: മാട്ടൂൽ മത്സ്യ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് മാതൃകാ മത്സ്യഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7.5കോടിയുടെ വിവിധ പ്രവൃത്തികൾ നടപ്പിലാക്കും. മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കും. എം. വിജിൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ക്രൂയിസ്, അക്വേറിയം, കമ്യൂണിറ്റി ഹാൾ, ലാൻഡ്സ്കേപ്പിങ്, ഗ്രീൻ ബെൽറ്റ്, വല നെയ്യൽ കേന്ദ്രം, മത്സ്യ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദന വിതരണ കേന്ദ്രം, ആർട്ടിഫിഷ്യൽ റീഫ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ സ്ഥാപിതമാകുന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് സുഗമമായി കരയണയാൻ സാധ്യമാകും. ഇക്കോ ടൂറിസം ആശയത്തിന്റെ ഭാഗമായിട്ടാണ് അലങ്കാര മത്സ്യ കേന്ദ്രവും ക്രൂയിസ് ടൂറിസം പദ്ധതിയും നടപ്പിലാക്കുന്നത്. വിവിധ ടൂറിസം കേന്ദ്രങ്ങളുമായി പുഴകൾ കേന്ദ്രീകരിച്ച് ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നതോടെ ടൂറിസം വികസനത്തിന് വൻ സാധ്യതകളുയരും.
250 പേർക്ക് ഇരിക്കാവുന്ന നിലയിൽ നിർമിക്കുന്ന കമ്യൂണിറ്റി ഹാളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉൾപ്പടെയുള്ളവരുടെ വിവാഹ ചടങ്ങുകൾ നടത്തുന്നതിനും സാധ്യമാകും. തീരദേശ വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി, തീരദേശ വികസന കോർപറേഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി.വി. സനിൽകുമാർടി, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരീഷ ടീച്ചർ, വൈസ് പ്രസിഡന്റ് പി.പി. അബ്ദുൾ ഗഫൂർ, അംഗങ്ങളായ അബ്ദുൾ കലാം, ഷംജിത്ത്, അനസ്, തീരദേശ വികസന കോർപറേഷൻ അസി. എൻജിനീയർ എസ്. ശരണ്യ, മാടായി ഫിഷറീസ് ഓഫിസർ പി.വി. മിനി നാരായണൻ, ഹാർബർ എ.ഇ പി.പി. രശ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.