പഴയങ്ങാടി: ഉത്തര മലബാറിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിലെ പുതിയവളപ്പ് ചൂട്ടാട് മേഖലയിൽ തീരദേശവാസികൾ കടൽ ഭിത്തിയില്ലാത്തതിനാൽ കടലാക്രമണ ഭീഷണിയിൽ. സൂനാമി ദുരിതബാധിത മേഖല കൂടിയാണ് ഈ കടൽത്തീരം.
ഓരോ വർഷവും കടലാക്രമണത്തിന്റെ രൂക്ഷത ഏറെ അനുഭവപ്പെടുന്ന മേഖലയാണിത്. കടലാക്രമണത്തിൽ ഭീമമായ നഷ്ടം പേറുന്ന തീരദേശവാസികൾ കടൽ ഭിത്തി നിർമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ, ഭിത്തി യാഥാർഥ്യമാകാതെ പ്രതീക്ഷകൾ വെള്ളത്തിലാവുന്ന ദുരനുഭവമാണ് തീരദേശവാസികൾക്കിവിടെ.പ്രതീക്ഷകളുയർത്തി കടൽ ഭിത്തി നിർമിക്കാനായി സർക്കാറിന്റെ പദ്ധതികൾ പതിവ് തെറ്റാതെ ആവിഷ്കരിക്കപ്പെടുകയും ഭാഗികമായി വിവിധ മേഖലകളിൽ ഭിത്തി നിർമാണം യാഥാർഥ്യമാവുകയും ചെയ്യുന്നുണ്ടെങ്കിലും പുതിയങ്ങാടിയിലെ പുതിയ വളപ്പ് മുതൽ ചൂട്ടാട് വരെയുള്ള 700 മീറ്ററോളം ദൈർഘ്യത്തിൽ കടൽഭിത്തി നിർമിച്ചിട്ടില്ല.അഴിമുഖത്തിനടുത്തുള്ള ഈ മേഖലയിലാണ് കടലാക്രമണം ഏറ്റവും രൂക്ഷമാകുന്നത്.
കാലവർഷത്തിൽ കടലാക്രമണം പതിവാകുന്നതിനാൽ തീരദേശവാസികൾ ഭീതിയാണ്. തിരമാലകൾ മീറ്ററുകളോളം ഉയരത്തിലടിച്ചുള്ള ആരവം സുരക്ഷഭീഷണിയുയർത്തുന്നതിനാൽ രാത്രിയിൽ ഭീതി കാരണം തീരദേശവാസികൾ ഉറങ്ങാറില്ല.
ഏതാനും ദിവസം മുമ്പ് തിമിർത്തുപെയ്ത മഴയിൽ ഈ മേഖലയിൽ വ്യാപകമായി കടൽ കരയെടുത്തിരുന്നു. മൺസൂണില്ലാത്ത കാലങ്ങളിലും വേലിയേറ്റത്തിൽ തീരദേശത്തേക്ക് വെള്ളം കയറുന്നതും ഇവിടെ പ്രശ്നമാണ്. ഓരോ വർഷവും കരയുടെ വലിയ ഭാഗം കടലെടുത്തുകൊണ്ടിരിക്കുകയാണ്. കടപുഴകുന്ന തെങ്ങുകളും നിരവധിയാണ്.കടലാക്രമണത്തിൽ മണ്ണൊലിപ്പ് തടയുന്നതിന് വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങളും കടലെടുക്കുന്നതാണനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.