പഴയങ്ങാടി: മാടായിപ്പാറയിലെത്തുന്ന സന്ദർശകർ പാസ്റ്റിക് അടക്കമുള്ള മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി മാടായി പഞ്ചായത്ത് സ്ക്വാഡിനെ നിയമിക്കും. മാടായിപ്പാറയിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽനിന്ന് പിഴ ഈടാക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
മാടായിപ്പാറയിലും പരിസരത്തെ പാതയിലും പെട്ടിക്കടകളും തെരുവുകച്ചവടവും നടത്തുന്നതിനെതിരെ ചീഫ് സെക്രട്ടറി, കലക്ടർ, പൊലീസ്, മാടായി പഞ്ചായത്ത് എന്നിവർക്കെതിരിൽ ദേവസ്വം, ഹൈകോടതിയിൽ നൽകിയ ഹരജിയിൽ അനുകൂല വിധിയുണ്ടായിരുന്നു.
എന്നാൽ, വിധി നടപ്പാക്കാത്തതിനെതിരെ ഹൈകോടതിയിൽ മറ്റൊരു ഹരജി കൂടി ദേവസ്വം നൽകിയതോടെ ഏതാനും ദിവസം മുമ്പ് റവന്യു, പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു.
തുടർന്ന് മാടായിപ്പാറയിൽ കച്ചവട സ്ഥാപനങ്ങൾ നിർത്തലാക്കുകയായിരുന്നു. ഇതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാടായിപ്പാറ സമ്പൂർണമായി മാലിന്യ മുക്തമാക്കാനുള്ള പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്കരിക്കുന്നത്. മാാടായിപ്പാറയിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ തനത് സ്വഭാവത്തിൽ സംരക്ഷിക്കപ്പെടുന്നതിനാണ് മലിനീകരണത്തിനെതിരെ കർശന നടപടികളെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുന്നതെന്ന് പ്രസിഡന്റ് സഹീദ് കായിക്കാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.