പഴയങ്ങാടി: രാവിലെ ആറ് മണിക്കോ ഏഴിനോ കയറിയാൽ അർധരാത്രിയും പിന്നിട്ട് മാത്രം വീട്ടിലെ പരിശോധന മുറിയിൽ നിന്നിറങ്ങുന്ന പപ്പൻ ഡോക്ടറെന്ന ഡോ.സി. പത്മനാഭെൻറ നിര്യാണ വാർത്തയറിഞ്ഞ് വെങ്ങര ഗ്രാമം തേങ്ങി. വെങ്ങരയുടെ പാതയോരത്തെ വീട്ടുമുറ്റത്ത് പകലും പാതിരാവുമില്ലാതെ രോഗികളുടെ കാത്തിരിപ്പ് പതിവ് കാഴ്ചയായിരുന്നു. ഡോക്ടർ പക്ഷാഘാതത്തെ തുടർന്ന് നാളുകളായി എറണാകുളത്തും കോഴിക്കോട്ടും ചികിത്സയിലായ കാലത്ത് മാത്രമായിരുന്നു വീട്ടുമുറ്റം ജനശൂന്യമായത്.
വെള്ളിയാഴ്ച വൈകീട്ട് ഡോക്ടറുടെ മരണവാർത്തയറിഞ്ഞതോടെ വെങ്ങരയിലും അയൽ ഗ്രാമങ്ങളിലുമുള്ളവർ അദ്ദേഹത്തിെൻറ വസതിയിലേക്കൊഴുകി. വെങ്ങരയിലെ കുഞ്ഞിരാമൻ- ജാനകി ദമ്പതികളുടെ മകനായി 1958ൽ ജനിച്ച പത്മനാഭൻ എറണാകുളം പടിയാർ ഹോമിയോ മെഡിക്കൽ കോളജിൽ നിന്നാണ് ഡി.എച്ച്.എം.എസ് പഠനം പൂർത്തീകരിച്ചത്. 1991ൽ സർക്കാർ സർവിസിൽ പ്രവേശിച്ച ഇദ്ദേഹം കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ഹോമിയോ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഴീക്കോട് ഹോമിയോ ആശുപത്രിയിൽ നിന്ന് ചീഫ് മെഡിക്കൽ ഓഫിസറായി 2013ൽ വിരമിച്ചതോടെ മുഴുസമയവും ആതുര സേവന രംഗത്തായിരുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നടക്കം നിരവധി രോഗികൾക്ക് ഹോമിയോ ചികിത്സക്ക് ആശ്രയമായിരുന്ന ജനകീയ ഡോക്ടറാണ് സി. പത്മനാഭൻ. വിവിധ സർക്കാർ ഹോമിയോ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചതോടെയാണ് ജനങ്ങളുടെ സ്വന്തം ഡോക്ടറായി ഖ്യാതി നേടിയത്. മരുന്നിനാവശ്യമായ തുച്ഛമായ ഫീസിെൻറ മാത്രം പ്രതിഫലത്തിൽ ചികിത്സിച്ച പപ്പൻ ഡോക്ടർ അശരണർക്ക് ആശ്രയമായിരുന്നു. ഡോക്ടറുടെ ജനകീയ സേവനം കണക്കിലെടുത്ത് വിവിധ സാംസ്കാരിക സംഘടനകൾ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.