പഴയങ്ങാടി: രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലീസിന്റെ വാഹനത്തിൽ ലോറി ഇടിപ്പിച്ച് മണൽ മാഫിയയുടെ ആക്രമണം. സംഭവത്തിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
എ.എസ്.ഐ ഗോപിനാഥൻ (50), പൊലീസ് വാഹനത്തിന്റെ ഡ്രൈവർ ശരത് (36), ഹോം ഗാർഡ് ബാലകൃഷ്ണൻ (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ലോറിയുടെ ഇടിയുടെ ആഘാതത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ലോറിയിടിപ്പിച്ച് പൊലീസ് വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ച നാലോടെ പഴയങ്ങാടി ബസ് സ്റ്റാൻഡിനടുത്തുവെച്ചാണ് പൊലീസ് വാഹനത്തിനു നേരെ ആക്രമണം നടന്നത്. പൊലീസ് വാഹനം കണ്ട സംഘം രക്ഷപ്പെടുന്നതിനായി ഈ വാഹനത്തിലിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, ലോറി പിറകോട്ടെടുത്ത് പൊലീസ് വാഹനത്തിലിടിച്ച് രക്ഷപ്പെടുകയായിരുന്നു.
ആക്രമണം നടത്തിയ വാഹനത്തെയും അക്രമികളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും പഴയങ്ങാടി സ്റ്റേഷൻ ഓഫിസർ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.