പെരിങ്ങത്തൂർ: പുല്ലൂക്കര മൻസൂർ കൊലപാതക കേസിലെ 11ാം പ്രതിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എം.കെ.നാസറിനെ ഒരു സംഘമാളുകൾ വീട്ടിൽ കയറി മർദിച്ച സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി ഇ.എ നാസറിനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എം.കെ. നാസറിനെ മർദിച്ചവരെ സ്റ്റേഷനിൽ ഹാജരാക്കിയാൽ മാത്രമേ ഇ.എ നാസറിനെ വിട്ടയക്കൂ എന്ന് പൊലീസ് നിലപാടെടുത്തതോടെ പ്രതിഷേധവുമായി യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിച്ചു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ. നജാഫിെൻറ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായി മുന്നിലെത്തി. തുടർന്ന് പുലർച്ച ഒന്നര മണിയോടെ കുത്തിയിരിപ്പ് സത്യഗ്രഹം ആരംഭിച്ചു. സമരം നിയന്ത്രണാതീതമായതിനെ തുടർന്ന് പുലർച്ച ഇ.എ. നാസറിനെ ചൊക്ലി സ്റ്റേഷനിൽ നിന്നും തലശ്ശേരിയിലേക്ക് കൊണ്ടുപോയി.
പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്ററുടെ നേതൃത്വത്തിൽ കോൺഗ്രസ് -ലീഗ് നേതാക്കളും നൂറിലധികം പ്രവർത്തകരും ചൊക്ലി സ്റ്റേഷൻ പരിസരത്തെത്തി.
സി.പി.എം പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ലീഗ് ശ്രമം നടത്തിയെന്നാണ് സി.പി.എമ്മിെൻറ പരാതി. സി.പി.എം മുക്കിൽപീടിക ബ്രാഞ്ചംഗം മേലിയേടത്ത്കണ്ടി എം.കെ. നാസറിനെയാണ് (37) ലീഗുകാർ എന്നാരോപിക്കുന്ന ഒരുസംഘം വീട്ടിൽ കയറി ആക്രമിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന നാസറിെൻറ ഭാര്യ ഖദീജയെയും സംഘം ആക്രമിച്ചു. ഉമ്മറത്തുണ്ടായിരുന്ന വീട്ടുസാമഗ്രികളും അടിച്ചു തകർത്തു. ഇരുവരെയും പാനൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസറിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ ചൊക്ലി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.