പെരിങ്ങത്തൂർ: ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ചതായി പരാതി. കാലിന്റെ എല്ല് പൊട്ടിയ യുവാവ് ആശുപത്രിയിൽ. പൂക്കോം കുന്നുമ്മക്കണ്ടി ലക്ഷം വീട് കോളനിയിലെ അനീസിനെയാണ് (35) ഒരു സംഘം വീട്ടിൽ കയറി മർദിച്ചത്.
ബുധനാഴ്ച രാത്രി 9.30ഓടെ സംഘടിച്ചെത്തിയ 10 പേർ അനീസിനെ മരക്കഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ അനീസിന്റെ ഭാര്യ ഫസീനയെ അക്രമി സംഘം തള്ളിയിട്ടതായും പരാതിയുണ്ട്. ദേഹമാസകലം പരിക്കേൽക്കുകയും കാലിന്റെ എല്ല് പൊട്ടുകയും ചെയ്ത അനീസിനെ തലശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അനീസിന്റെ ഭാര്യ ഫസീനയുടെ പരാതിയിൽ ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് അംഗം നവാസ്, സി.പി.എം പ്രവർത്തകൻ മേനപ്രത്തെ ഷാരോൺ അടക്കം കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചൊക്ലി പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകീട്ട് 5.30 ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ നവാസിനെയും നിവേദിനെയും അനീസ് ബൈക്ക് തടഞ്ഞുനിർത്തി മർദിച്ചതായും പരാതി ഉയർന്നിരുന്നു. പരാതിയിൽ അനീസിനെതിരെ ചൊക്ലി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പ്രതികാരമായാണ് അനീസിനെ വീട്ടിൽ കയറി ആക്രമിച്ചതെന്ന് പറയപ്പെടുന്നു.
ചൊക്ലി: ചൊക്ലിയിൽ സി.പി.എം പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു.
ചൊക്ലി മേനപ്രം കടുക്ക ബസാറിലെ മടയന്റവിട ഷാരോണിനെ മർദിച്ച സംഭവത്തിലാണ് ചൊക്ലി നിടുമ്പ്രം കണ്ടിയിലെ റൂബിൻ, സിനോജ്, സാരംഗ്, പള്ളൂരിലെ റിബി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 10.30ഓടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഷാരോണിന് മർദനമേറ്റത്. ഷാരോണിന്റെ പരാതിയിൽ അറസ്റ്റിലായവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.