പെരിങ്ങത്തൂർ: ഒലിപ്പിലിനടുത്ത് സദാചാര ഗുണ്ട ആക്രമണത്തിൽ പയ്യന്നൂർ സ്വദേശി സുഹൈൽ (38) രക്ഷപ്പെട്ടത് തലനാരിഴക്ക്. ഒലിപ്പിലിലെ തന്റെ സുഹൃത്തിന്റെ കൂടെ ദുബൈയിലേക്ക് പോകുന്ന സുഹൈൽ ഭക്ഷണസാധനങ്ങൾ എടുക്കാൻ വേണ്ടി ഇവിടെ എത്തിയതായിരുന്നു.
എന്നാൽ വീട് കണ്ടെത്താൻ പ്രയാസപ്പെട്ട സുഹൈലിനെ മൂന്നുപേർ തടഞ്ഞു വെക്കുകയും ആക്രമിക്കുകയും തുടർന്ന് പണം കൈക്കലാക്കുകയും ചെയ്തു എന്നാണ് പരാതി.
സമീപത്തെ യുവതിയുടെ വീട്ടിൽ സുഹൈൽ പരസ്ത്രീ ബന്ധത്തിനെത്തിയതാണെന്നും വീട്ടിൽ നിന്ന് പിടികൂടിയെന്നും പറയിപ്പിക്കുന്ന വിഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കാൻ പ്രതികൾ ശ്രമം നടത്തിയെന്ന് ചൊക്ലി പൊലീസ് അറിയിച്ചു.
സുഹൈലിന്റെ കൈയിൽ നിന്നും 3000 രൂപ തട്ടിപ്പറിച്ച പ്രതികൾ തുടർന്ന് സുഹൈലിനെ പെരിങ്ങത്തൂരിലെത്തിച്ച് എ.ടി.എം കൗണ്ടറിൽ നിന്നും 15,000രൂപ കൂടി തട്ടിയെടുത്തു. സംഭവത്തോടെ സുഹൈലിന്റെ വിദേശയാത്ര മുടങ്ങുകയും ചെയ്തിരുന്നു. അക്രമത്തിൽ സുഹൈലിന്റെ കർണ്ണപടത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ഒലിപ്പിലിലെ റഹ്സിൻ, സാദത്ത്, റിസ്വാൻ റഫീഖ് എന്നിവരെ പൊലീസ് ബുധനാഴ്ച ഉച്ചയോടെ പിടികൂടി. ചൊക്ലി എസ്.ഐ.എം.റജികുമാർ, പൊലീസ് ഉദ്യോഗസ്ഥരായ കെ.വി. മനോജ്, പി. ജിതേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂവരെയും തലശ്ശേരി ജെ.എഫ്.സി.എം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.