പെരിങ്ങത്തൂർ: പല ആവശ്യങ്ങൾക്കും കെട്ടിടമില്ലാതെ ബുദ്ധിമുട്ടുമ്പോൾ ഉള്ള കെട്ടിടം ഒന്നിനും ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുകയാണ് പാനൂർ നഗരസഭ. 17ാം വാർഡിലെ പെരിങ്ങളം പുല്ലൂക്കര മീത്തൽ അംഗൻവാടി കെട്ടിടത്തിലെ വിശാലമായ മുകൾ നിലയാണ് വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നത്. പെരിങ്ങളം പഞ്ചായത്ത് 16 വർഷം മുമ്പ് നിർമിച്ചതാണ് കെട്ടിടം. പെരിങ്ങളം പഞ്ചായത്ത് പാനൂർ നഗരസഭയുടെ കീഴിലായപ്പോൾ നഗരസഭ രണ്ട് തവണ സ്വന്തം ഫണ്ടുപയോഗിച്ച് ഈ കെട്ടിടം നവീകരിച്ചു. മേൽക്കൂരയുടെ അറ്റകുറ്റപ്പണിയും നടത്തി. ടൈൽസ് പാകി വൈദ്യുതിബന്ധവും സ്ഥാപിച്ചിരുന്നു. ഇവിടെ വേനലിലും വെള്ളം ലഭിക്കുന്ന പൊതുകിണറുമുണ്ട്.
താഴത്തെ നിലയിൽ അംഗൻവാടിയാണ് പ്രവർത്തിക്കുന്നത്. ഒന്നാം നിലയിൽ ആരോഗ്യ ഉപകേന്ദ്രമോ മറ്റു പൊതു ഉപയോഗ കാര്യാലയങ്ങളോ വേണമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പഞ്ചായത്തും നഗരസഭയും ഒരേപോലെ അവഗണിച്ചു. സാംസ്കാരിക കേന്ദ്രം, ഗ്രന്ഥശാല, വായനശാല എന്നിവയിലേതെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഗ്രാമ, വാർഡ് സഭകളിൽ നാട്ടുകാർ പലതവണ പ്രശ്നം ഉന്നയിച്ചിരുന്നു. സൗകര്യങ്ങളുള്ള കെട്ടിടമായിട്ടും ഒരു തരത്തിലുള്ള പൊതുസംവിധാനങ്ങൾക്കും നഗരസഭ ഇത് വിട്ടുനൽകുന്നുമില്ല. ഒന്നിനും നൽകുന്നില്ലെങ്കിൽ എല്ലാ സൗകര്യങ്ങളും ഉള്ള ഈ കെട്ടിടം എന്തിനാണിങ്ങനെ നിർമിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.