പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിന്റെ വാടക വർഷങ്ങളായി നൽകാത്തതിനെതിരെ ആക്ഷേപം. സെക്ഷൻ ഓഫിസ് തുടങ്ങി ആദ്യ രണ്ട് വർഷം കെട്ടിടത്തിന് നഗരസഭയാണ് വാടക നൽകിയത്. ഇത് സംബന്ധിച്ച് ഓഡിറ്റിൽ പരാമർശം വന്നതോടെയാണ് വാടക നൽകുന്നത് നഗരസഭ നിർത്തിയത്.
പിന്നീട് കെ.എസ്.ഇ.ബിയും നഗരസഭയും വാടക നൽകാൻ വിസമ്മതിക്കുകയാണ്. ചൊക്ലി ഓഫിസ് വിഭജിച്ചാണ് 2016 മാർച്ചിൽ പെരിങ്ങത്തൂർ സെക്ഷൻ ഓഫിസ് ആരംഭിച്ചത്. നഗരസഭ വാടക നൽകാതെ ഉടമയുടെ കെട്ടിട നികുതിയിനത്തിൽ വക കൊള്ളിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
എന്നാൽ, വാടകരഹിതമായി സെക്ഷൻ ഓഫിസ് അനുവദിക്കുമെന്നും സ്വന്തം കെട്ടിടം പണിയാൻ 10 സെന്റ് സ്ഥലം അനുവദിക്കാമെന്നും നഗരസഭ ഔദ്യോഗികമായി കെ.എസ്.ഇ.ബിക്ക് രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് പെരിങ്ങത്തൂരിൽ സെക്ഷൻ ഓഫിസ് അനുവദിക്കാൻ തയ്യാറായതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. ആരോട് വാടകയ്ക്ക് ചോദിക്കണമെന്ന ആശങ്കയിലാണ് കെട്ടിടയുടമ .
കെട്ടിടത്തിലെ ഒന്നാം നിലയിൽ സെക്ഷൻ ഓഫിസും താഴത്തെ നിലയിൽ കടകളും പ്രവർത്തിക്കുന്നു. പെരിങ്ങത്തൂരിൽ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫിസിന് സ്വന്തം കെട്ടിടം പണിയണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.