പുതിയതെരു: ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് മുതൽക്കൂട്ടായി ചിറക്കൽ ചിറ നവീകരണത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിൽ. ചിറയുടെ ചുറ്റുപാടുമുള്ള പ്രദേശം ഇന്റർലോക്ക് പാകുന്ന പ്രവൃത്തി ഏറക്കുറെ പൂർത്തിയായി. ചുറ്റുപാടിൽ ഒരുക്കുന്ന അഞ്ചോളം ബെഞ്ചുകളുടെ നിർമാണം ഉടൻ ആരംഭിക്കും. സമീപത്തെ രണ്ട് ആൽത്തറകൾ കെട്ടി ഭംഗിയാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഇരിക്കാനുള്ള ബെഞ്ച്, ആൽത്തറ നവീകരണം എന്നിവക്ക് 50 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയത്.
കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി നാലോളം ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കും.
ചിറക്കൽ ചിറ സൗന്ദര്യവത്കരിക്കുന്നതോടെ ജില്ല ടൂറിസം മേഖലക്ക് പുതിയ മാനം തെളിയും. ചിറക്കലും പരിസര പ്രദേശവും ടൂറിസത്തിന് വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ്. ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം ചിറക്കലിലാണ്. ക്ഷേത്ര ദർശനവും ടൂറിസവും സംയോജിപ്പിച്ച് സന്ദർശനം നടത്താനും സാധിക്കും.
58 പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ് ചിറക്കലിലും പരിസരത്തുമായുള്ളത്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം, കിഴക്കേക്കര മതിലകം ശ്രീ കൃഷ്ണ ക്ഷേത്രം, ചിറക്കൽ ചിറ പരിസരം, മൂകാംബിക ക്ഷേത്രം, പള്ളിക്കുന്ന് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, കാനത്തൂർ മഹാവിഷ്ണു ക്ഷേത്രം, ധന്വന്തരി ക്ഷേത്രം, ചിറക്കൽ ചിറ -പടിഞ്ഞാറു ഭാഗം, പടിഞ്ഞാറെക്കര ശ്രീകൃഷ്ണ -ദുർഗ ക്ഷേത്രം, ചിറയുടെ പടിഞ്ഞാറു ഭാഗം, കടലായി ശിവേശ്വരം ക്ഷേത്രം, കടലായി ഗണപതി മണ്ഡപം, തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രം. ഇതിനു പുറമെ പാശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം അങ്ങനെ പട്ടിക നീളുന്നു. പറശ്ശിനിക്കടവ് സന്ദർശിക്കുന്നവർക്ക് വളപട്ടണം പുഴയിലൂടെ ജലയാത്രയുമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.