പുതിയതെരു: പാപ്പിനിശ്ശേരി, വളപട്ടണംപാലം ഭാഗത്തുനിന്ന് കണ്ണൂർ നഗരത്തിലെത്താൻ ഇനി ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടേണ്ട. പാപ്പിനിശ്ശേരി-പുതിയതെരു ഹൈവേയിലെ കളരിവാതുക്കൽ റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് ചെയ്ത് പ്രവൃത്തിപൂർത്തിയാക്കി തുറന്നു കൊടുത്തു. റോഡിൽ ഏതാനും മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്.
79.60 ലക്ഷം രൂപയാണ് പൊതുമരാമത്ത് വിഭാഗം റോഡ് നവീകരണത്തിനായി അനുവദിച്ചത്. കളരിവാതുക്കൽ-മന്ന ജങ്ഷൻ-അലവിൽ വഴി കണ്ണൂർ നഗരത്തിൽ എളുപ്പത്തിൽ എത്താനുള്ള റോഡാണിത്. വളപട്ടണത്തും പുതിയതെരുവിലും വാഹനക്കുരുക്കുണ്ടാകുമ്പോൾ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന റോഡാണിത്.
ഒരുകാലത്ത് വളപട്ടണം വാണ വല്ലഭരാജാവിന്റെ തേര് കടന്നുപോയ രാജപാതയാണ് കളരിവാതുക്കൽ വളവ് റോഡ്. കാലം പിന്നിട്ടപ്പോൾ വീടുകളും മതിലുകളുമായി റോഡിന് വീതി കുറഞ്ഞുവന്നു. അതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി.
തളിപ്പറമ്പിലേക്കുള്ള യാത്ര ഈ വഴി എളുപ്പമാണെങ്കിലും വാഹനത്തിരക്കും വീതിക്കുറവും പ്രതിബന്ധമായി. ചിലയിടങ്ങളിൽ ഒരുവാഹനത്തിന് മാത്രമേ പോകാൻ സാധിക്കു. ഇത്തരം സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഹൈവേയിലേക്കുള്ള തിരക്ക് വർധിപ്പിക്കാൻ കാരണമാകുന്നു. കെ.വി. സുമേഷ് എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമീപത്തെ വിജയൻ എന്നയാളുടെ വിടിന്റെ മതിൽ പൊളിച്ചുനീക്കാൻ അനുവാദം കിട്ടിയതോടെ റോഡിന്റെ വീതികൂട്ടാൻ ഇടം കിട്ടി.
കളരിവാതുക്കൽ ക്ഷേത്രം ഭാരവാഹികളും ക്ഷേത്രമതിൽ പൊളിച്ച് റോഡിന് സ്ഥലം വിട്ടുനൽകിയതോടെ റോഡിന് ആവശ്യാനുസരണം വീതിലഭിച്ചു.
ഇപ്പോൾ ഇരുഭാഗത്തും വിട്ടുനൽകിയ സ്ഥലത്ത് ഭിത്തികെട്ടി ഉറപ്പുവരുത്തുകയും ആവശ്യാനുസരണം വീതിലഭിക്കുകയും ചെയ്തു. റോഡ് വീതികൂട്ടിയതോടെ കണ്ണൂരിലേക്കുള്ള വാഹനങ്ങൾ ഇതുവഴി കൂടുതലായി പോകാൻ തുടങ്ങി. റോഡിൽ ട്രാഫിക്ക് നിയമപ്രകാരമുള്ള വരകൾ മാർക്ക് ചെയ്യാൻ മാത്രമാണ് ബാക്കിയുള്ളത്. ഉടൻ പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.