കുണ്ടൻചാൽ കോളനി വാസികളെ മാറ്റിപ്പാർപ്പിച്ചു

പുതിയതെരു: ചിറക്കൽ പഞ്ചായത്തിലെ തട്ടുകോളനിയായ കുണ്ടൻചാൽ കോളനിയിലെ പാർശ്വഭിത്തികൾ ഇളകി മണ്ണൊലിപ്പും വീടുകൾക്ക് നാശവുമുണ്ടാകാനുള്ള സാഹചര്യം മുൻകൂട്ടിക്കണ്ട് പ്രദേശവാസികളെ മാറ്റിത്താമസിപ്പിച്ചു. സുരക്ഷിത സ്ഥലങ്ങളിൽ താമസിക്കുന്ന ബന്ധുക്കളുടെ വീടുകളിലേക്കാണ് ഇവരെ മാറ്റിത്താമസിപ്പിച്ചത്.

അപകട ഭീഷണി നിലനില്ക്കുന്ന ചിറക്കലിലെ എസ്.സി കോളനിയായ കിഴക്കേമൊട്ട നിവാസികളെയും ആവശ്യമെങ്കിൽ മാറ്റിത്താമസിപ്പിക്കും.

ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ദുരന്ത നിവാരണ പ്രവർത്തന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി.

ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. എ.ഡി.എം കെ.കെ. ദിവാകരൻ, ജില്ല പഞ്ചായത്ത് അംഗം ടി. സരള, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രുതി (ചിറക്കൽ), കെ. അജീഷ് (അഴീക്കോട്), കെ. രമേശൻ (നാറാത്ത്), എ.വി. സുശീല (പാപ്പിനിശ്ശേരി), പി.പി. ഷമീമ (വളപട്ടണം) എന്നിവർ പങ്കെടുത്തു.

തദ്ദേശീയമായി ദുരന്ത നിവാരണ സേനകൾ

മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ദുരന്ത നിവാരണ സേനകളെ സജ്ജമാക്കണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം നിർദേശിച്ചു. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് ബന്ധപ്പെടാൻ പഞ്ചായത്തിൽ ഒരു ഫോൺ സംവിധാനം ഏർപ്പെടുത്തണം. യുവജനക്ഷേമ ബോർഡിന്റെ പഞ്ചായത്ത് കോഓഡിനേറ്ററെ ദുരന്തനിവാരണ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്താമെന്നും യോഗം അറിയിച്ചു.

പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാൻ ജനകീയ സംവിധാനം ഉണ്ടാകണം. അശാസ്ത്രീയമായ നിർമിതികളാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാനുള്ള പ്രധാന കാരണം. നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഇത് പരിശോധിക്കണമെന്ന് ജില്ല ആസൂത്രണ സമിതി അധ്യക്ഷയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, മേയർ ടി.ഒ. മോഹനൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Residents of Kundanchal Colony were relocated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.