കണ്ണൂർ: പി.എസ്.സി പരീക്ഷഹാളുകളിൽ ക്ലോക്ക് സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ യുവജന കമീഷൻ സർക്കാറിനോട് ശിപാർശ ചെയ്യും. സംസ്ഥാന യുവജന കമീഷന്റെ ജില്ലതല അദാലത്തിൽ കണ്ണൂർ സ്വദേശി കെ.പി. ജാഫർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വാച്ച് ധരിക്കാൻ അനുവാദമില്ലാത്തതിനാൽ ഉദ്യോഗാർഥികൾ സമയം അറിയുന്നതിൽ പ്രയാസം നേരിട്ടിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗാർഥിയായ ജാഫർ പരാതി നൽകിയത്. നേരത്തേയും സമാന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിപാർശ ചെയ്യാൻ തീരുമാനിച്ചത്.
എം.ജി സർവകലാശാലയിലെ എല്ലാ പരീക്ഷകളും കൃത്യമായി നടത്തിയിട്ടുണ്ടെന്നും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമീഷനെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ഒരു ക്വാറിയുടെ അനുമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കലക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. തഹസിൽദാർ തലത്തിൽ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാമെന്ന് കലക്ടർ അറിയിച്ചു. പൊലീസ്, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ, സ്ത്രീധനം എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റു പരാതികൾ.
കമീഷൻ ചെയർപേഴ്സൻ ഡോ. ചിന്ത ജെറോമിന്റെ അധ്യക്ഷതയിൽ കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ 26 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 23 എണ്ണം തീർപ്പാക്കി. മൂന്നെണ്ണം അടുത്ത സിറ്റിങ്ങിലേക്കും മാറ്റി. പുതിയതായി എട്ടു പരാതികളും ലഭിച്ചിട്ടുണ്ട്.
അടുത്ത സിറ്റിങ് നവംബർ 28ന് മലപ്പുറത്ത് നടക്കും. മൂന്നു മാസം കൂടുമ്പോൾ ജില്ലകളിൽ സിറ്റിങ് സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. Recommendation to make clock mandatory in PSC exam hallകമീഷൻ അംഗങ്ങളായ എസ്.കെ. സജീഷ്, കെ.പി. ഷജീറ, റെനീഷ് മാത്യു, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്റ് സരിതാകുമാരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.