കൂട്ടുപുഴ ശാന്തിമുക്കിൽ പുലിയെ കണ്ടതായി അഭ്യൂഹം

ഇരിട്ടി: സംസ്ഥാനതിർത്തിയായ കൂട്ടുപുഴ പേരട്ടയിലെ ശാന്തിമുക്കിൽ കൃഷിയിടത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം. ടാപ്പിങ് തൊഴിലാളിയായ തൊട്ടിപ്പലം സ്വദേശിയായ മുചിക്കാടൻ സുലൈമാനാണ് പുലിയുടെ മുന്നിൽപ്പെട്ടതെന്ന് പറയുന്നു. കല്ലായി രാഘവന്റെ റബർതോട്ടത്തിൽ ടാപ്പിങ്ങിന് എത്തിയതായിരുന്നു സുലൈമാൻ. സ്ഥലത്ത് എത്തിയപ്പോൾതന്നെ മുകൾ വശത്തുള്ള ബെന്നിയുടെ വീട്ടിലെ ആട് നിർത്താതെ കരയുന്നത് കേട്ടിരുന്നു.

ലൈറ്റ് അടിച്ചുനോക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. പന്നി, മരപ്പട്ടി, മുള്ളൻപന്നി എന്നിവ ഈ മേഖലയിലുള്ളതിനാൽ അത്തരം ജീവികളെ കണ്ടിട്ടായിരിക്കും എന്ന് കരുതി.ടാപ്പിങ് ആരംഭിച്ച് 25 മരം പിന്നിട്ടപ്പോൾ കാട്ടുപന്നി തന്റെ നേരെ കുതിച്ചുവരുന്നത് കണ്ടു. ലൈറ്റ് നേരെ അടിച്ചപ്പോൾ കാട്ടുപന്നിയുടെ പിറകിലുണ്ടായിരുന്ന പുലി തന്റെ നേരെ തിരിഞ്ഞതായി സുലൈമാൻ പറഞ്ഞു.

താഴോട്ട് ഓടി 600 മീറ്ററോളം പിന്നിട്ട് ശാന്തിമുക്ക് പുല്ലോളിച്ചാംപാറ റോഡ് മുറിച്ചുകടന്ന് അവിടെയുള്ള വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. ടാർ റോഡിൽ എത്തുന്നതുവരെ പുലി പിറകെയുണ്ടായിരുന്നതായി സുലൈമാൻ പറഞ്ഞു. പ്രദേശവാസികളെല്ലാം റബർ ടാപ്പിങ് നടത്താനെത്തുന്നത് സുലൈമാൻ എത്തിയ ശേഷമാണ്. എല്ലാവരെയും സുലൈമാൻ വിളിച്ച് പുലിയുടെ സാന്നിധ്യം അറിയിച്ചു.

ഭയന്ന് ആരും ശനിയാഴ്ച ടാപ്പിങ് നടത്തിയില്ല. ഉളിക്കൽ പഞ്ചായത്ത് അംഗങ്ങളായ ബിജു വെങ്ങനപ്പള്ളി, അഷ്‌റഫ് പാലശേരി, ഉളിക്കൽ സി.ഐ കെ. സുധീർ, എസ്.ഐ ബേബി ജോർജ്, കൂട്ടുപുഴ അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പി.പി. പ്രഭാകരൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ. വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.പി. മുകേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - Rumor that a tiger has been spotted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.