കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് ഭൂമി വിട്ടു നൽകാൻ തയാറായ ഭൂവുടമകൾ പ്രതിസന്ധിയിൽ. ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ട് എട്ടുവർഷം കഴിയുമ്പോഴും സർക്കാർ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതാണ് കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ കോളിപ്പാലം, നല്ലാണി പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കിയത്.
കാനാട്, കീഴല്ലൂർ വില്ലേജുകളിലായി 245.32 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് 2018ൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിമാനത്താവളത്തിന് ഇതേവരെ ഏറ്റെടുത്തിട്ടുള്ള 1800 ഏക്കറിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതിനെക്കാൾ കൂടുതൽ കുടുംബങ്ങളെ ഈ പ്രദേശത്തെ ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കേണ്ടതുണ്ട്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിർത്തിയിൽ താമസിക്കുന്ന 42 വീടുകൾ ഉൾപ്പെടുന്ന 25 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുടിയൊഴിപ്പിക്കുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 36.18 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കൽ ഇഴഞ്ഞുനീങ്ങുന്നത് പ്രതിസന്ധിയായി.
മഴക്കാലമായാൽ വിമാനത്താവളത്തിൽനിന്ന് ഒഴുകിയെത്തുന്ന മണ്ണും ചെളിവെള്ളവും പ്രദേശത്താകെ ദുരിതം വിതക്കുന്നത് പതിവാണ്. 2017ൽ ഇത്തരത്തിൽ മണ്ണും കല്ലും ചെളിയും വന്ന് നിറഞ്ഞതിനെ തുടർന്ന് ആറു വീടുകൾ വർഷങ്ങൾക്ക് ശേഷവും വാസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ജില്ല കലക്ടർ പ്രദേശം സന്ദർശിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഒന്നും നടന്നില്ലെന്ന് ജനങ്ങൾ പറയുന്നു. ആദ്യത്തെ ഒരുവർഷം ഇവർക്ക് വാടക വീട്ടിൽ കഴിയാൻ സർക്കാർ വാടക നൽകിയിരുന്നു. പിന്നീട് വാടക നൽകുന്നില്ല. ബന്ധുവീടുകളിലും മറ്റുമായി ഇവർ താമസിച്ചുവരുകയാണ്. ഇവർക്ക് വീട് നിർമിക്കാനാവശ്യമായ സംവിധാനം ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിനെ തുടർന്ന് പ്രദേശത്ത് പുതിയ വീട് വെക്കാനോ പഴയ വീട് നവീകരിക്കാനോ പഞ്ചായത്ത് അധികൃതർ അനുമതി നൽകാത്തതും പ്രയാസം സൃഷ്ടിക്കുന്നു. ഭൂമി ഈട് വെച്ച് ബാങ്കുകളിൽനിന്ന് വായ്പ എടുക്കാനും കഴിയുന്നില്ല. കൃഷി ചെയ്യാനും യോഗ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.