കണ്ണൂർ: ഫലസ്തീൻ ജനതക്കുനേരെ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്റെ നേർച്ചിത്രവുമായി ചിത്രപ്രദർശനം. ‘സ്റ്റോപ് വാർ’ എന്ന പേരിൽ യുദ്ധത്തിനെതിരെ എസ്.എഫ്.ഐ നേതൃത്വത്തിലാണ് സ്റ്റേഡിയം കോർണറിൽ പ്രദർശനം നടത്തിയത്. കണ്ണൂരിൽ ജനാധിപത്യ മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തിൽ ബുധനാഴ്ച നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പ്രചാരണാർഥമാണ് ചിത്രപ്രദർശനവും ചിത്രകാര കൂട്ടായ്മയും സംഘടിപ്പിച്ചത്.
നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങളാണ് ദിവസേന യുദ്ധത്തിൽ കൊല്ലപ്പെടുന്നത്. വംശഹത്യനടത്തി ഫലസ്തീൻ രാഷ്ട്രത്തെ ഇല്ലാതാക്കാനാണ് ശ്രമം. ഇതിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്. ഇവയുടെയെല്ലാം ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. പരിപാടിയുടെ ഭാഗമായി ചിത്രകാര കൂട്ടായ്മയും സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു.
ചിത്രകാര സംഗമം ടി.വി. രാജേഷ് കാൻവാസിൽ യുദ്ധവിരുദ്ധ സന്ദേശം വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ വർഗീസ് കളത്തിൽ, പി.എസ്. സഞ്ജീവ്, സി.വി. വിഷ്ണു പ്രസാദ്, സനന്ദ് കുമാർ, എ.പി. അൻവീർ, എം. ശ്രീരാമൻ, കെ. ലത, ഇ. ബീന, കെ.വി ഉഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.