തളിപ്പറമ്പ്: നഗരസഭയിൽ മഞ്ഞപ്പിത്തം രോഗം വ്യാപകമായതിനെത്തുടർന്ന് ഡി.എം.ഒ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഡോ. അനീറ്റ കെ. ജോസി, ഡോ. ലത, ഡോ. അഷ്റഫ്, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ, എപ്പിഡമിയോളജിസ്റ്റ് അഭിലാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
തളിപ്പറമ്പ് നഗരസഭയിലെ ഒമ്പതാം വാർഡ് ഹിദായത്ത് നഗറിലെ രണ്ടു പേർ കഴിഞ്ഞദിവസം ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരണപ്പെട്ടിരുന്നു. ഒരാഴ്ച മുന്നെയാണ് ഇവർക്കു രോഗം സ്വീകരിച്ചത്. രണ്ടുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് കരൾ അനുബന്ധ അസുഖങ്ങൾകൂടി ഉണ്ടായിരുന്നതാണ് മരണകാരണമായതെന്നാണ് അനുമാനിക്കുന്നത്.
തളിപ്പറമ്പ് നഗരസഭയിലെ കോർട്ട് റോഡിലെ ഒരു ഷോപ്പിങ് കോംപ്ലക്സിലണ് രോഗം പൊട്ടിപ്പുറപ്പെട്ടതായി കാണുന്നത്. ഇവിടത്തെ ടെക്സ്റ്റൈൽ ഷോപ്പ്, ട്യൂഷൻ സെന്റർ, കോംപ്ലക്സിലെ മറ്റു കടകളിലെ ജീവനക്കാർ, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇവിടേക്ക് പൊതുവായി വെള്ളമെടുക്കുന്ന കിണറിൽ മലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഇ-കോളി ബാക്ടീരിയ പിന്നീട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഹെപ്പറ്റൈറ്റിസ് എ ഈ വെള്ളത്തിൽ ഉണ്ടായിരുന്നിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. വെള്ളത്തിൽനിന്ന് നേരിട്ട് ഹെപ്പറ്റൈറ്റിസ് എ വൈറസിനെ വേർതിരിച്ചെടുക്കുന്നത് പ്രയാസമാണ്. പിന്നീട് ഈ ട്യൂഷൻ സെന്ററിലെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ മറ്റു കുട്ടികൾ, അവരുടെ വീടുകളിലെ ആൾക്കാർ എന്നിവർക്ക് അസുഖം പകർന്നു. ഷോപ്പിങ് കോംപ്ലക്സിൽനിന്ന് മറ്റു രോഗികളുടെ വീടുകളിലും അസുഖം പകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.