കേളകം: മലയോര ഗ്രാമമായ ശാന്തിഗിരിയിൽ ഗവ. എൽ.പി സ്കൂൾ പരിസരത്തെ റോഡിലും സമീപ പ്രദേശത്തെ റബർ, കശുമാവ് തോട്ടങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സ്കൂൾ പരിസരത്തെ റോഡിൽ കടുവയെ കണ്ടതായും സമീപത്തെ കൃഷിയിടത്തിലേക്ക് കടന്നതായും പ്രദേശവാസിയായ വഴിയാത്രക്കാരൻ അറിയിച്ചത്. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ലെന്ന് പഞ്ചായത്തംഗം സജീവൻ പാലുമ്മി പറഞ്ഞു.
ഈ പ്രദേശത്ത് മുമ്പും പല തവണ കടുവയെ കണ്ടവരുണ്ട്. ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ മുരളൽ കേൾക്കുന്നതായി നാട്ടുകാർ പറയുന്നു. മലയോരത്തെ പാതകളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ ഇരുചക്രവാഹനയാത്രക്കാരെ തട്ടിയിടുന്നതും പതിവാണ്. കടുവയും പുലിയും കാട്ടുപന്നികളും മലയോര ജനതയുടെ ഉറക്കം കെടുത്തുകയാണ്. പകൽ നേരങ്ങളിലും രാമച്ചി, ശാന്തിഗിരി പ്രദേശങ്ങളിൽ കടുവയുടെ വിഹാരമാണെന്നാണ് നാട്ടുകാരുടെ പരാതി. അടക്കാത്തോട് ശാന്തിഗിരി, കരിയംകാപ്പ് പ്രദേശങ്ങളിൽ കടുവയും, പുലിയും കാട്ടുപന്നികളും ജനവാസ മേഖലകളിലെ പതിവ് സന്ദർശകരാണ്. എന്നാൽ, വന്യമൃഗ ആക്രമണം മൂലം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും കൃത്യസമയത്ത് ലഭിക്കാത്ത അവസ്ഥയാണ്.
രാമച്ചിയില്‍ മുമ്പ് പള്ളിവാതുക്കല്‍ ഇട്ടിയവര എന്ന കര്‍ഷകന്റെ നാല് പോത്ത്,15 ആട്, വളര്‍ത്തു നായ് ക്കൾ, പശുക്കള്‍ എന്നിവയാണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശാന്തിഗിരിയിലെ പുന്നമറ്റം ജോജി ഉൾപ്പെടെ നിരവധി കർഷകരുടെ പോത്ത്, പശു, ആട്, നായ് ക്കൾ എന്നിവയെ കടുവയും ചെന്നായക്കൂട്ടവും പിടികൂടിയ സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. വയനാട്ടിൽ കടുവയുടെ അക്രമത്തിൽ കർഷകന് ജീവഹാനി സംഭവിച്ചതോടെ വിവിധയിടങ്ങളിലായി ഇവയെ പിടികൂടാൻ കൂടുകൾ സ്ഥാപിക്കുകയും മയക്ക് വെടിവെച്ച് പിടികൂടുകയും ചെയ്തെങ്കിലും ജനവാസ കേന്ദ്രമായ ശാന്തിഗിരിയിൽ കടുവ സാന്നിധ്യം പതിവാകുമ്പോഴും അധികൃതർ നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.