കാസർകോട് ജില്ലയില്‍ വാക്‌സിനേഷന് കർമപദ്ധതി തയാറായി

കാസർകോട്​: ജില്ലയില്‍ സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പ്രത്യേകം ആക്​ഷന്‍ പ്ലാന്‍ തയാറാക്കിയതായി ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത്​ രണ്‍വീര്‍ ചന്ദ് അറിയിച്ചു.ആഗസ്​റ്റ്​ ഒമ്പത് മുതല്‍ ജില്ലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിന് 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ അവരുടെ പഞ്ചായത്തിലെ വാക്‌സിനേഷന്‍ കേന്ദ്രം മാത്രമേ തിരഞ്ഞെടുക്കാവൂ. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ വരുന്നവര്‍ പഞ്ചായത്തില്‍ പെട്ടവരാണെന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കണം.

50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനില്‍ 20 ശതമാനം രണ്ടാമത്തെ ഡോസിനായി നീക്കിവെക്കും. ഓഫ്‌ലൈനില്‍ ശേഷിക്കുന്ന 80 ശതമാനം മുന്‍ഗണന ഗ്രൂപ്പുകളെ വാര്‍ഡ് തിരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ണയിക്കും. മുന്‍ഗണന ഗ്രൂപ്പുകളില്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍, വിദേശത്ത് പോകുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍, കുടിയേറ്റക്കാര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. മുന്‍ഗണന ഗ്രൂപ്പുകള്‍ക്കുശേഷം 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും.

ജില്ലയിലെ ഓരോ സ്ഥാപനത്തിനും വിതരണം ചെയ്യുന്ന മുഴുവന്‍ വാക്‌സിനുകളും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പൂർണമായും ഉപയോഗിക്കാവുന്ന വിധത്തില്‍ കുത്തിവെപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ആക്​ഷന്‍ പ്ലാനില്‍ പറഞ്ഞിട്ടുള്ള മാർഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വാക്‌സിന്‍ വിതരണത്തില്‍ ആരുടെ ഭാഗത്തുനിന്നുമുള്ള സ്വാധീനം അനുവദിക്കില്ല. എന്തെങ്കിലും അനിഷ്​ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടൻ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുകയും സഹായം തേടുകയും വേണം.ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അവര്‍ക്ക് പൊലീസ് സഹായം ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

662 പേര്‍ക്കുകൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ 662 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 862 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 6562 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29215 പേര്‍. വീടുകളില്‍ 28051 പേരും സ്ഥാപനങ്ങളില്‍ 1164 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29215 പേരാണ്. പുതിയതായി 1663 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെൻറിനല്‍ സര്‍വേ അടക്കം പുതിയതായി 7676 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു.

2750 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 895 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെൻററുകളിലുമായി 1663 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെൻററുകളില്‍ നിന്നും 860 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 112572 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 105112 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.

Tags:    
News Summary - Vaccination action plan prepared in Kasargod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.