കാഞ്ഞങ്ങാട്: ഭൂമി തരംമാറ്റാൻ ആവശ്യപ്പെടുന്ന അപേക്ഷകരോട് കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള ആരോപണത്തിന് പിന്നാലെ മഡിയനിലെ അജാനൂർ കൃഷിഭവൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കൃഷിഭവനിലെ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി ഭൂവുടമകൾ രംഗത്തുവന്നിരുന്നു.
2008 ലെ നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം നികത്തപ്പെട്ടതും റവന്യൂ രേഖകളിൽ നിലം നഞ്ച് വയൽ എന്നിങ്ങനെ രേഖപ്പെടുത്തിയതുമായ ഭൂമി പുരയിടമാക്കി കിട്ടാൻ കൃഷി ഓഫിസറുടെ റിപ്പോർട്ട് ആവശ്യമാണ്. കൃഷി ഓഫിസറുടെയും വില്ലേജ് ഓഫിസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച് അപേക്ഷകളിൽ ആർ.ഡി.ഒ തീർപ്പ് കൽപ്പിക്കുന്നത്. അതിഞ്ഞാലിലെ ഒരു ഭൂവുടമയിൽ നിന്ന് ഭൂമി തരം മാറ്റുന്നതിനുള്ള സാക്ഷ്യപത്രം നൽകുന്നതിന് അരലക്ഷം രൂപ കൃഷി ഓഫിസിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായുള്ള റിപ്പോർട്ടിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കൃഷി ഓഫിസിലേക്ക് മാർച്ചും ഉപരോധവുമായെത്തിയത്.
തരം മാറ്റുന്നതിന് അപേക്ഷ നൽകിയ ഫയലുകൾ സാങ്കേതിക കാരണം പറഞ്ഞ് കൃഷി ഓഫിസിൽ കെട്ടിവെച്ച് താമസിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ആവശ്യപ്പെടുന്ന പണം ഭൂവുടമകൾ നൽകേണ്ടിവരുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എക്കാൽ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ നായർ, എൻ.വി. ശ്രീനിവാസൻ മഡിയൻ, രവീന്ദ്രൻ, സിന്ധു ബാബു, സതീശൻ പരക്കാട്ടിൽ, ബാലകൃഷ്ണൻ, ഉമേശൻ കാട്ടുകുളങ്ങര, രാജീവൻ വെള്ളിക്കോത്ത്, ബാലകൃഷ്ണൻ തണ്ണോട്ട്, നാരായണൻ മൂലക്കണ്ടം, എൻ.വി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.