അജാനൂർ: അജാനൂരില്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. പുണെ സെന്‍ട്രല്‍ വാട്ടര്‍ ആൻഡ് പവര്‍ റിസര്‍ച് സ്റ്റേഷനിലെ (സി.ഡബ്ല്യു.പി.ആര്‍.എസ്) ഉദ്യോഗസ്ഥര്‍ രണ്ടാം തവണയാണ് അജാനൂര്‍ കടപ്പുറത്ത് പഠനം നടത്തിയത്.
നിര്‍ദിഷ്ട ഹാര്‍ബറിന് സമീപമുള്ള ജലത്തിന്റെ ആഴവും പ്രവേഗവും സംബന്ധിച്ചും തുറമുഖം നിലവില്‍ വന്നാലുള്ള സ്ഥലത്തെ സാഹചര്യവും സാധ്യതകളും സംഘം പഠനത്തിന് വിധേയമാക്കി. രണ്ട് മാസത്തിനകം പഠന റിപ്പോര്‍ട്ട് തയാറാവുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് പഠന റിപ്പോര്‍ട്ടും പ്രോജക്ട് റിപ്പോര്‍ട്ടും ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് സമര്‍പ്പിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അന്തിമ അനുമതിക്ക് ശേഷം പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
സി.ഡബ്ല്യൂ.പി.ആര്‍.എസ് ഉദ്യോഗസ്ഥരായ ബൂറ കൃഷ്ണ, ഡോ. എ.കെ സിങ്, തുറമുഖം അസി എക്‌സിക്യൂട്ടിവ് എൻജിനീയര്‍മാരായ ലത, സുനീഷ്, അസി. എൻജിനീയര്‍മാരായ നിധിന്‍, രാജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പഞ്ചായത്ത് അംഗം കെ. മീന തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.