ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ബാഡൂര്‍ എ.എല്‍.പി സ്കൂള്‍ അധ്യാപിക സചിത റൈയുടെ (27) മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തള്ളി. കാസര്‍കോട് സി.പി.സി.ആര്.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് കിദൂര്‍ പടിക്കല്ലില്‍ നിഷ്മിത ഷെട്ടിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ സചിത റൈ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. ഇവർ ഒളിവിലാണ്. ഉഡുപ്പി സ്വദേശി മുഖേനയാണ് ജോലി വാഗ്ദാനം ചെയ്തത്.
അതേസമയം, ഇവർക്കെതിരെ കൂടുതൽ പരാതികൾ ബദിയടുക്ക, മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിൽ എത്തി. എല്ലാം ചേർത്ത് ഒരു കേസായാണ് പരിഗണിക്കുക. ഗോസാഡയിലെ രക്ഷിതയുടെയും ഉപ്പിനടുക്ക കങ്കിലയിലെ സുചിത്രയുടെയും പരാതിയിലാണ് പുതിയ കേസുകൾ. രക്ഷിതയില്നിന്ന് അഞ്ചു ലക്ഷവും സുചിത്രയില്‍നിന്ന് 50,000 രൂപയുമാണ് സചിത റൈ തട്ടിയെടുത്തത്.
പെരുമ്പള വയലാംകുഴി കിഴക്കേ വീട്ടില്‍ ധനീഷ്മയുടെ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ധനീഷ്മയില്നിന്ന് സചിത റൈ ഏഴു ലക്ഷത്തിലേറെ രൂപ വാങ്ങിയിരുന്നു. എന്നാല്‍, ജോലി ലഭിച്ചില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്കാന് തയാറായില്ല. തുടര്‍ന്നാണ് ധനീഷ്മ പരാതി നല്‍കിയത്.
സചിത റൈക്കെതിരെ നേരത്തേ കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, കർണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ട്. ഇതോടെ തട്ടിപ്പുകേസുകളുടെ എണ്ണം പത്തായി. കേന്ദ്ര സർവകലാശാല, നവോദയ, സി.പി.സി.ആർ.ഐ എന്നിവയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.