ചെറുവത്തൂർ: വിജയൻ മാഷിനൊപ്പം 29 വർഷമായി സന്തത സഹചാരിയായി മാറിയ പേനയും വെള്ളിയാഴ്ച വിരമിക്കും. 1992ൽ മൂസോടി ഗവ. എൽ.പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുമ്പോൾ വാങ്ങിയ പേനയാണ് ഇന്നും കൂടെയുള്ളത്.
ആദ്യമായി ഒപ്പിട്ട പേനകൊണ്ട് അവസാന ദിവസവും ഒപ്പ് രേഖപ്പെടുത്തി സർവിസിൽനിന്ന് വിരമിക്കുന്നത് നാലിലാംകണ്ടം ഗവ. യു.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായിട്ടാണ്. കമ്പ്യൂട്ടർ സഹായത്താൽ മേളകളുടെ സർട്ടിഫിക്കറ്റുകൾ ടൈപ് ചെയ്യുന്നതിന് മുമ്പ് ജില്ലയിലെ മിക്ക മേളകളിലെയും സർട്ടിഫിക്കറ്റുകളിൽ വടിവൊത്ത അക്ഷരങ്ങൾ പിറന്നുവീണത് വിജയൻ മാഷിെൻറ ഈ പേനയിലൂടെയാണ്.
1997ൽ കൂളിയാട് ഗവ. യു.പിയിൽ ജോലി ചെയ്തുവരവെ എബണേറ്റ് കൊണ്ടുണ്ടാക്കിയ പേനയുടെ അടപ്പ് കൈയിൽനിന്ന് വീണ് പൊട്ടി. പക്ഷേ, പേന കളയാൻ മനസ്സ് വരാത്ത ഇദ്ദേഹം ഇത്തരം പേനകൾ നിർമിക്കുന്നവരെ തേടി കോഴിക്കോട് മിഠായിത്തെരുവ് വരെയെത്തി. അവിടെയുള്ള ചന്ദ്രൻ എന്നയാളാണ് പുതിയ അടപ്പ് നിർമിച്ചുനൽകിയത്.
പ്ലാസ്റ്റിക് പേനകൾ ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാൽ ഒരു പേന കൂടുതൽ കാലം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം ഈ മഷിപ്പേന വാങ്ങിയത്.
പേനയുമായുള്ള ആത്മബന്ധം കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും പേന ഉപേക്ഷിക്കില്ലെന്ന തീരുമാനത്തിൽതന്നെയാണ് ഇദ്ദേഹം. ഭാര്യ: സൗദാമിനി (പ്രധാനാധ്യാപിക, ഗവ. വെൽഫെയർ എൽ.പി സ്കൂൾ പള്ളിക്കര). മക്കൾ: ഡോ. മേഘ, മൃദുൽ (ബി.ഡി.എസ് വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.