ചെറുവത്തൂർ: നാടകോത്സവ വിളംബരാർഥം ഒരുക്കിയ മണൽശിൽപം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള സാംസ്കാരിക പ്രതിരോധം കൂടിയായി. പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ആതിഥ്യമരുളുന്ന പിഫാസോ നാടകോത്സവത്തിന് മുന്നോടിയായാണ് മാവിലാ കടപ്പുറം പുലിമുട്ട് പരിസരത്ത് കൂറ്റൻ മണൽശിൽപം നിർമിച്ചത്.
സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങളെ ആത്മരോഷത്തിലൂടെ പ്രകടപ്പിക്കുന്ന സ്ത്രീ ആയിരുന്നു ശിൽപ്പത്തിന്റെ പ്രമേയം. തന്റെ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും എടുത്തു കാട്ടാൻ രണ്ട് മുഖം മൂടിയും കൈയിൽ പിടിച്ച് കിടക്കുന്ന ഭാവത്തിലായിരുന്നു ശിൽപം. അഞ്ച് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയിലും നിർമിച്ച ശിൽപമൊരുക്കാൻ ശിൽപികളായ രവി പിലിക്കോട്, മധു കോതോളി, രവീന്ദ്രൻ മാവിച്ചേരി, പുരുഷോത്തമൻ മാവുങ്കാൽ എന്നിവർ നേതൃത്വം നൽകി.
സ്ത്രീ ശിൽപത്തിന് അനുബന്ധമായി സനൂപ് വടക്കേപ്പുറം നിർമിച്ച മത്സ്യകന്യക ശിൽപ്പവും സഞ്ചാരികൾക്ക് വേറിട്ട കാഴ്ചയായി. ശിൽപ നിർമാണത്തിന് മാറ്റ് കൂട്ടാൻ പിഫാസോ സ്വരം സംഗീത കൂട്ടായ്മയിലെ അംഗങ്ങൾ നാടക ഗാനങ്ങളും അവതരിപ്പിച്ചു. പിഫാസോ പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. എം. അശ്വിനികുമാർ, രവി പിലിക്കോട്, മധു കോതോളി, എം. രാഘവൻ, കെ.വി. രമേശ് , സി. ഭാസ്കരൻ, പ്രഭാകരൻ മാടക്കാൽ, എ. രമേശൻ, വി.വി. രാജൻ, സി. ഭാസ്കരൻ, എ.വി. ബാബു എന്നിവർ സംസാരിച്ചു.
നവംബർ ഒന്നിന് ആരംഭിക്കുന്ന നാടകോത്സവം നാടക വേദികളിലെ സ്ത്രീ രത്നങ്ങളായി അരങ്ങുവാണ അമ്മിണി ചന്ദ്രാലയം, യശോദ പുത്തിലോട്ട്, ലക്ഷ്മി പുത്തിലോട്ട് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
കോട്ടയം ദൃശ്യ വേദി അവതരിപ്പിക്കുന്ന നേരിന്റെ കാവലാൾ, വള്ളുവനാട് നാദം അവതരിപ്പിക്കുന്ന ഊഴം, ഭരത് കമ്യൂണിക്കേഷൻസ് ആലപ്പുഴ അവതരിപ്പിക്കുന്ന വീട്ടമ്മ, തിരുവനന്തപുരം സംഘചേതന അവതരിപ്പിക്കുന്ന സേതു ലക്ഷ്മി എന്നീ നാടകളാണ് നാടകോത്സവത്തിൽ അരങ്ങിലെത്തുക. നവംബർ നാലിന് നാടകോൽസവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.