കാഞ്ഞങ്ങാട്: ഗംഗനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കാണാൻ എം.പിയും വാഗ്മിയും എഴുത്തുകാരനും മുസ്ലിം ലീഗ് നേതാവുമായ ഡോ. അബ്ദുൽ സമദ് സമദാനി കല്ലൂരാവി പട്ടാക്കാൽ മൂവാരിക്കുണ്ടിലെ വീട്ടിലെത്തി. കാസർകോട് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സമദാനി ഗംഗനെ വിളിക്കുന്നത്. എവിടെയാണുള്ളതെന്നായി എം.പി. വീട്ടിലുണ്ടെന്നറിയിച്ചപ്പോൾ അരമണിക്കൂറിനുള്ളിൽ വീട്ടിലെത്തുമെന്നറിയിച്ചു.
സമദാനിയുടെ കാർ വീട്ടുമുറ്റത്തെത്തിയപ്പോൾ ഗംഗനും കുടുംബത്തിനും ആശ്ചര്യം. 45 മിനിറ്റ് വീട്ടിൽ ഗംഗനും ഭാര്യ ശോഭനക്കും മക്കളായ ശ്രീദ ലക്ഷ്മിക്കും ശ്രീലക്ഷ്മിക്കും ഒപ്പം ചെലവഴിച്ചാണ് സമദാനി മടങ്ങിയത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ തൂപ്പ് തൊഴിലാളിയായ ഗംഗനെ രണ്ടുവർഷം മുമ്പാണ് എം.പി പരിചയപ്പെട്ടത്. സാമൂഹിക സേവനത്തിന് ഉബൈദ് സ്മാരക പുരസ്കാരം ലഭിച്ച ഗംഗന് പുരസ്കാരം സമ്മാനിച്ചത് സമദാനിയായിരുന്നു. ഇതിനുശേഷം ഇടക്കിടെ സമദാനി ഗംഗനെ വിളിക്കാറുണ്ട്. പാർട്ട്ടൈം ജോലിക്കു ശേഷമുള്ള സമയത്ത് ലോട്ടറി വിൽപന നടത്തുകയും ഇതിലൂടെ കണ്ടെത്തുന്ന വരുമാനം പാവപ്പെട്ടവർക്കും രോഗികൾക്കുമുള്ള ഭക്ഷണത്തിന് ഒരു പതിറ്റാണ്ടിലേറെയായി വിനിയോഗിക്കുകയും ചെയ്യുന്ന അളവറ്റ സേവനമാണ് അബ്ദുൽ സമദ് സമദാനിയെ ഗംഗനുമായി അടുപ്പിച്ചത്. ഗംഗന്റെ സേവനം പലപ്പോഴും സമദാനിയുടെ പ്രസംഗത്തിലെ മുഖ്യവിഷയമായി മാറാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.