കാഞ്ഞങ്ങാട്: പുതുതലമുറക്ക് അത്ര പരിചിതമല്ലാത്ത മൺപാത്രങ്ങളും പുകയടുപ്പും ഉരലും ഉറിയും അമ്മിയും ഉൾപ്പെടുന്ന അടുക്കള ഉപകരണങ്ങളാണ് അംബുജാക്ഷന്റെ കട നിറയെ. മടിക്കൈ സ്വദേശിയായ അംബുജാക്ഷന്റെ അച്ഛൻ കെ. രാഘവൻ നായരാണ് 37 വർഷം മുമ്പ് വിനായക തിയറ്ററിനരികിൽ കട തുടങ്ങിയത്.
1984ൽ അച്ഛൻ മരിച്ചതിനുശേഷം അംബുജാക്ഷനാണ് ഇത് നടത്തി ക്കൊണ്ടുപോകുന്നത്. കൈതോല, മുള, ഓല, കളിമൺ, കീച്ചിപ്പുല്ല്, ചൂത് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച വസ്തുക്കളിലൂടെ നാടിന്റെ തനിമ സൂക്ഷിക്കുന്ന ഈ കട പൈതൃകപട്ടികയിൽ ഇടംപിടിക്കാൻ അർഹതയുള്ളതാണ്.
എന്നാൽ, വലിയ നഷ്ട്ത്തിലാണ് കട നടന്നുപോവുന്നത്. പാരമ്പര്യം നിലനിർത്താനും പുതുതലമുറക്ക് പഴയ സാധനങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കാനുമാണ് എല്ലാം സഹിച്ച് കട നടത്തിപ്പോകുന്നതെന്ന് അംബുജാക്ഷൻ 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് കാലത്ത് ഒരു ലക്ഷത്തിനടുത്ത് നഷ്ടമുണ്ടായി. പല സാധനങ്ങളും ചിതലരിച്ച് നശിച്ചുപോയി.
ഒരുകാലത്ത് വീടുകളിൽ കണ്ടുവന്നിരുന്ന ചുണ്ണാമ്പ് ചെല്ലം, ഇസ്തിരിപ്പെട്ടി, മുറം, ഭരണികൾ, ചിരവ, മീൻപിടിക്കാനുള്ള ഒറ്റാൽ, മീൻകുട്ട, കുരുത്തി തുടങ്ങി നാടിന്റെ തനിമ വിളിച്ചോതുന്നവയെല്ലാം ഈ കടയിലുണ്ട്. തട്പ്പ, ഇടങ്ങഴി, മന്ത് (തൈരാട്ടുന്നത്), അടച്ചൂറ്റി, ഓലപ്പായ, പുല്ലാഞ്ഞി ബട്ടി, ചൂതുമാച്ചി എന്നീയിനങ്ങളും ഇവിടെയുണ്ട്.
മാർക്കറ്റിൽ കൂടുതൽ ആൾക്കാർ വാങ്ങാനെത്തുന്ന ഇനമാണ് പുല്ലാഞ്ഞി ബട്ടി. കൊറക വിഭാഗത്തിന്റെ പ്രധാന തൊഴിൽ കൂടിയാണ് പുല്ലാഞ്ഞി ബട്ടി നിർമാണം. ഒന്നിന് 300 രൂപയാണ് ഇതിന്റെ വില. ഉത്സവ സമയങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സാധനമാണ് ചൂതുമാച്ചി (ചൂൽ). ക്ഷേത്ര പൂജാമുറികൾ വൃത്തിയാക്കാനാണ് ഇതിന്റെ ഉപയോഗം. അമ്മക്കോഴിയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്താനുപയോഗിക്കുന്ന കോഴിക്കൊമ്മയും ഇവിടെയുണ്ട്. പഴയകാല തറവാട് വീടുകളിൽ തേങ്ങയിട്ട് സൂക്ഷിക്കുന്ന മക്കിരിയും പ്രധാന ആകർഷക വസ്തുവാണ്. പുതിയ തലമുറയിൽപെട്ടവരും ഗവേഷക വിദ്യാർഥികളും കടയിൽ കൂടുതലായും വരാറുണ്ടെന്ന് അംബുജാക്ഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.